ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു

written by :  2016-02-11 13:13:47

ന്യൂഡല്‍ഹി: സിയാച്ചിനിലെ മഞ്ഞിനടിയില്‍ നിന്ന് ആറു ദിവസങ്ങള്‍ക്കുശേഷം രക്ഷപെടുത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഡല്‍ഹി ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ 11.45 ഓടെയായിരുന്നു അന്ത്യം. സിയാച്ചിനില്‍ നിന്ന് അത്യദ്ഭുതകരമായ വിധം ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു.ഹനുമന്തപ്പയുടെ വൃക്കകളും കരളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്‌സിജന്‍ പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നില്ല. സിയാച്ചിനില്‍ 20,500 അടി ഉയരത്തില്‍ മൈനസ് 45 ഡിഗ്രി ശൈത്യത്തില്‍ മഞ്ഞുമലയ്ക്കു കീഴില്‍ 30 അടി താഴെ ആറുദിവസം കഴിഞ്ഞശേഷമാണ് ഹനുമന്തപ്പയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പത്തു സൈനികര്‍ അപകടത്തില്‍പ്പെട്ടതില്‍ ആരും രക്ഷപ്പെടും എന്നു കരുതിയിരുന്നില്ല. എന്നാല്‍ അദ്ഭുതകരമായി ഹനുമന്തപ്പയുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുകയായിരുന്നു. ഫെബ്രുവരി മൂന്നിനുണ്ടായ ഹിമപാതത്തില്‍ പത്തു സൈനികരാണ് അപകടത്തില്‍പെട്ടത്. പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഹനുമന്തപ്പയെ മാത്രമാണ് ജീവനോടെ കണ്ടെത്താന്‍ സാധിച്ചത്. ഉടന്‍തന്നെ ഹെലികോപ്റ്ററിലും വ്യോമസേനയുടെ പ്രത്യേക ആംബുലന്‍സ് വഴിയും ഡല്‍ഹിയിലെത്തിച്ച ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്താന്‍ ആര്‍മി ആശുപത്രിയില്‍ വന്‍ സംഘത്തെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ രണ്ടു ദിവസത്തെ ചികിത്സയ്ക്കും ഹനുമന്തപ്പയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കര്‍ണാടകയിലെ ധാര്‍വാഡ് ആണ് ഹനുമന്തപ്പയുടെ സ്വദേശം. അമ്മയും ഭാര്യയും ഒന്നരവയസുകാരി മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തിയതു മുതല്‍ ധാര്‍വാഡിലെ ഗ്രാമത്തില്‍ നാട്ടുകാരും ബന്ധുക്കളും പ്രത്യേക പൂജകളിലും പ്രാര്‍ഥനകളിലും മുഴുകിയിരിക്കുകയായിരുന്നു.