ഉന്നത വിദ്യാഭ്യാസത്തിന് സംവരണം പാടില്ലെന്നു സുപ്രീംകോടതി

written by :  2015-10-29 09:39:31

ന്യൂഡല്‍ഹി: ദേശീയ താല്‍പര്യം കണക്കിലെടുക്കുമ്പോള്‍, മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകളില്‍ ഒരുതരത്തിലുള്ള സംവരണവും പാടില്ലെന്നു സുപ്രീം കോടതി. സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തി ഉചിതമായ സമീപനം സ്വീകരിക്കേണ്ടതു സര്‍ക്കാരാണെന്നും ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ലചന്ദ്ര പാന്ത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകളില്‍ സംവരണം ഇല്ലാതാക്കുന്നതു സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് ഡോ. പ്രദീപ് ജെയിന്‍ കേസ് (1984), ഡോ. ഫസല്‍ ഗഫൂര്‍ കേസ് (1988) എന്നിവയുടേതുള്‍പ്പെടെ പല വിധികളിലും വ്യക്തമാക്കിയതാണ്. അന്നൊക്കെ തങ്ങള്‍ വ്യക്തമാക്കിയ പ്രതീക്ഷ, പുരോഗമനപരമായ മാറ്റമുണ്ടായശേഷവും പ്രതീക്ഷ മാത്രമായി അവശേഷിക്കുകയാണെന്നു കോടതി പറഞ്ഞു. അനന്തതയുമായി മല്‍സരിക്കാനെന്നോണം ആനുകൂല്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്താണ് സംവരണം ഒഴിവാക്കേണ്ടതെന്നും അത് ഉന്നത വിദ്യാഭ്യാസത്തിന്റെയും ആരോഗ്യമേഖലയില്‍ ജനങ്ങള്‍ക്കു ലഭിക്കുന്ന സേവനത്തിന്റെയും നിലവാരം ഉയര്‍ത്തുമെന്നും ഡോ. ഫസല്‍ ഗഫൂര്‍ കേസിലെ വിധി ഉദ്ധരിച്ചു കോടതി പറഞ്ഞു. സൂപ്പര്‍ സ്‌പെഷ്യല്‍റ്റികളില്‍ സംവരണം ഒഴിവാക്കുന്ന കാര്യം കേന്ദ്രവും സംസ്ഥാനങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യമായ മാര്‍ഗരേഖ തയാറാക്കുമെന്നും തങ്ങള്‍ക്കു പ്രതീക്ഷയും വിശ്വാസവുമുണ്ടെന്ന് 1988ലെ വിധിയില്‍ പറഞ്ഞതും കോടതി ചൂണ്ടിക്കാട്ടി. സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകളില്‍ മെറിറ്റ് മാത്രം പരിഗണിച്ചാവണം പ്രവേശനമെന്നും ഒരുതരത്തിലുള്ള സംവരണവും പാടില്ലെന്നും പ്രീതി ശ്രീവാസ്തവ കേസിലുള്‍പ്പെടെ (1999) സുപ്രീം കോടതി നല്‍കിയ നിര്‍ദേശത്തോടു യോജിക്കുന്നുവെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വ്യക്തമാക്കി. ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി സീറ്റുകള്‍ അതേ സംസ്ഥാനക്കാര്‍ക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്നതു ചോദ്യംചെയ്ത ഹര്‍ജികളാണു സുപ്രീം കോടതി പരിഗണിച്ചത്. കേരളം, ബംഗാള്‍, ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നുണ്ടെന്നും മറ്റു 10 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ കോളജുകളില്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകള്‍ ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രാദേശിക സംവരണം തുല്യതയും പിന്നാക്ക സംവരണവും സംബന്ധിച്ച ഭരണഘടനാ വകുപ്പുകളുടെ ലംഘനമാണെന്നും അവര്‍ വാദിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും സൂപ്പര്‍ സ്‌പെഷ്യല്‍റ്റി സീറ്റുകളിലേക്കായി അഖിലേന്ത്യാ പ്രവേശന പരീക്ഷ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ആന്ധ്രയുടെയും തെലങ്കാനയുടെയും വ്യവസ്ഥ ഭരണഘടനയിലെ 371–ഡി വകുപ്പുപ്രകാരം 1974ല്‍ രാഷ്ട്രപതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന എതിര്‍വാദം കോടതി അംഗീകരിച്ചു. ഈ ഉത്തരവു പരിഷ്‌കരിക്കേണ്ടതാണെന്നു മറ്റൊരു കേസില്‍ അഭിപ്രായപ്പെട്ടതാണെങ്കിലും കോടതിയല്ല, ബന്ധപ്പെട്ട അധികാരികളാണു നടപടിയെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. തമിഴ്‌നാടിനെതിരെ ഉന്നയിക്കപ്പെട്ട വാദങ്ങള്‍ അടുത്ത മാസം നാലിനു പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി.