സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ മ്യൂസിയം പൊലീസിനോട് എഐജി പലതവണ നിര്‍ദ്ദേശം നല്‍കിയെന്ന് രേഖകള്‍

written by :  2018-01-10 08:02:48

തിരുവനന്തപുരം: വ്യാജരേഖ ഹാജരാക്കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ അവധിയെടുത്തെന്ന പരാതിയില്‍ നിരവധി തവണ മ്യൂസിയം പൊലീസിനോട് കേസെടുക്കണമെന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ എഐജഡി നിര്‍ദ്ദേശം നല്‍കിയതായി വിവരാവകാശ രേഖ. എഐജി വി. ഗോപാലകൃഷ്ണനാണ് പലതവണ പൊലീസിനോടു നിര്‍ദ്ദേശം നല്‍കിയത്. സെന്‍കുമാറിനെതിരെ പാച്ചല്ലൂര്‍ സ്വദേശി എ.ജെ.സുക്കാര്‍നോയാണു പരാതി നല്‍കിയത്. ഇതു ഡിജിപി അറിയാതെ അതിനു മുകളിലൂടെയാണു വന്നിട്ടുള്ളതെന്നും നടപടി സ്വീകരിക്കണമെന്നും എഐജി നിര്‍ദേശിച്ചെന്നു മ്യൂസിയം സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍(ജിഡി) എസ്‌ഐ: ജി.സുനില്‍ രേഖപ്പെടുത്തിയതു പുറത്തായി.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സെന്‍കുമാര്‍ പൊലീസ് മേധാവിയായി തിരിച്ചെത്തിയപ്പോള്‍ പൊലീസ് ആസ്ഥാനത്തെ എഐജിയായിരുന്നു ഗോപാലകൃഷ്ണന്‍. ഒരേ ഓഫിസിലായിട്ടും സെന്‍കുമാറിനെ കാണാന്‍ പോലും ഇദ്ദേഹം കൂട്ടാക്കാതിരുന്നതു വാര്‍ത്തയായിരുന്നു. പൊലീസ് മേധാവിയുടെ നടപടികള്‍ അപ്പപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്ന ഇദ്ദേഹം പിന്നീടു സെന്‍കുമാര്‍ വിരമിക്കുന്നതു വരെ അവധിയെടുത്തു വിദേശത്തേക്കും പോയി.

ഓഗസ്റ്റ് 14ന് ആണു സുക്കാര്‍നോ വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതി മ്യൂസിയം സ്റ്റേഷനിലും നല്‍കിയത്. പരാതി കിട്ടിയതു ജിഡിയില്‍ എസ്‌ഐ രേഖപ്പെടുത്തി. പരാതിയുടെ ഉള്ളടക്കം മേലധികാരികളുമായി സംസാരിച്ച കാര്യവും ഇതിലുണ്ട്. അപ്പോള്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ലോക്‌നാഥ് ബെഹ്‌റ പരാതി തള്ളിയിരുന്നു. മ്യൂസിയം സ്റ്റേഷനിലെ ജിഡി ചാര്‍ജുകാരനായ എഎസ്‌ഐ 14നു രാത്രി 9.24നു ജിഡിയില്‍ രേഖപ്പെടുത്തിയത്: സെന്‍കുമാര്‍ സാറിനെതിരെ കിട്ടിയ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്‌തോയെന്ന് ഐഐജി ചോദിച്ചു. പരാതി എസ്‌ഐയെ ഏല്‍പിച്ചെന്നും അദ്ദേഹം സിഐയുമായി ചര്‍ച്ച ചെയ്തുവെന്നും മേലധികാരികളെ ഫോണില്‍ വിളിക്കുന്നതു കണ്ടുവെന്നും അറിയിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സിഐ ആണോയെന്നു ചോദിച്ചു.

എസ്‌ഐ ആണെന്നു പറഞ്ഞു. രാത്രി 9.45ന് എസ്‌ഐ സുനില്‍ ജിഡിയില്‍ രേഖപ്പെടുത്തിയത്: എന്റെ ഔദ്യോഗിക ഫോണിലേക്ക് എഐജി വിളിച്ചു മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ പരാതി ഉണ്ടെന്നും അതില്‍ എഫ്‌ഐആര്‍ എടുക്കണമെന്നും നിര്‍ദേശിച്ചു. എഫ്‌ഐആര്‍ എടുത്തില്ലെങ്കില്‍ അവര്‍ ഹൈക്കോടതിയില്‍ പോകുമെന്നൊക്കെ പറഞ്ഞു. ഡിജിപി അറിയാതെ അതിനു മുകളിലൂടെയാണു പരാതി വന്നിട്ടുള്ളതെന്നും നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

മേലധികാരികളുമായി സംസാരിച്ചു നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. എങ്കിലും എസ്‌ഐ കേസ് എടുത്തില്ല. തുടര്‍ന്ന്, അന്നത്തെ ചീഫ് സെക്രട്ടറിക്കു നല്‍കിയ പരാതി വീണ്ടും എസ്‌ഐയുടെ മുന്‍പിലെത്തി. കേസ് എടുക്കാന്‍ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചെങ്കിലും രേഖാമൂലം ഉത്തരവ് വേണമെന്ന് എസ്‌ഐ പറഞ്ഞു. തുടര്‍ന്നു ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം 2017 ഓഗസ്റ്റ് 19ന് ആണു കേസ് എടുത്തത്. സുക്കാര്‍നോയ്ക്കു പകരം എഫ്‌ഐആറില്‍ ചീഫ് സെക്രട്ടറി പരാതിക്കാരനുമായി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ഈ കേസിലെ ജിഡി രേഖകള്‍ ആവശ്യപ്പെട്ട് 114 ദിവസം മുന്‍പാണു മ്യൂസിയം എസ്‌ഐക്ക് അപേക്ഷ നല്‍കിയത്. അദ്ദേഹം അതു തള്ളി. അപ്പീല്‍ അധികാരിയായ സിഐയും അപേക്ഷ തള്ളി. തുടര്‍ന്നു വിവരാവകാശ കമ്മിഷനില്‍ പരാതി എത്തി. തിങ്കളാഴ്ചയായിരുന്നു അന്തിമവാദം. രേഖകള്‍ ഉടന്‍ നല്‍കണമെന്നും ഇല്ലെങ്കില്‍ എസ്‌ഐക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം.പോള്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഇന്നലെ രേഖകള്‍ നല്‍കി.