അഭയ കേസ്: മുന്‍ എസ്പി തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കില്‍ സിബിഐ വ്യക്തമാക്കണമെന്ന് കോടതി

written by :  2018-01-10 08:05:12

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി.മൈക്കിള്‍ തെളിവു നശിപ്പിക്കാന്‍ അവിഹിത ഇടപെടല്‍ നടത്തിയിട്ടുണ്ടങ്കില്‍ അക്കാര്യം വ്യക്തമാക്കാന്‍ സിബിഐയോടു കോടതി നിര്‍ദേശം. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളില്‍ മൈക്കിള്‍ നടത്തിയ ഇടപെടല്‍ സംബന്ധിച്ച സാക്ഷിമൊഴികള്‍ വ്യക്തമാക്കാനും സിബിഐ കോടതി ആവശ്യപ്പെട്ടു. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കവെയാണ് ഈ നിര്‍ദേശം. 18നു നിലപാട് അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. അഭയ കേസിലെ തെളിവു നശിപ്പിച്ചതിനു മൈക്കിളിനെ പ്രതി ആക്കണമെന്ന ഹര്‍ജിയിലും തെളിവു നശിപ്പിച്ചതിനു മുന്‍ ആര്‍ഡിഒ കിഷോറിനും മുന്‍ ക്ലാര്‍ക്ക് മുരളീധരനുമെതിരെ കേസെടുക്കണമെന്ന ഹര്‍ജിയിലും അന്നു വാദം തുടരും. 1992 മാര്‍ച്ച് 27നു കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണു സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29നു സിബിഐ ഏറ്റെടുത്തു. ഫാ. തോമസ് എം.കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണു പ്രതികള്‍.