ഭൂമി വിവാദം: മെത്രാന്‍ സമിതിയുടെ അന്വേഷണം ഇന്നാരംഭിക്കും

written by :  2018-01-10 08:07:29

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ മെത്രാന്‍ സമിതി ഇന്ന് അന്വേഷണം തുടങ്ങും. ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് അന്വേഷണം നടത്തുക. അതിരൂപതയിലെ രണ്ട് സഹായ മെത്രാന്‍മാരുമായി മെത്രാന്‍ സമിതി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പത്തുമണിയോടെ വൈദിക സമിതി നിയോഗിച്ച ആറംഗ അന്വേഷണ കമ്മീഷനെ കാണും. വൈകിട്ട് മൂന്നിന് എറണാകുളം ആര്‍ച്ച് ബിഷപ്‌സ് ഹൗസിലാണ് വൈദിക സമിതി പ്രതിനിധികളുമായുളള കൂടിക്കാഴ്ച. ഭൂമിയിടപാട് വിവാദമായതോടെയാണ് കൊച്ചിയില്‍ തുടരുന്ന സിനഡ്, പ്രശ്‌ന പരിഹാരത്തിന് അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിച്ചത്.