ജെഡിയു എല്‍ഡിഎഫിലേക്ക്: പ്രഖ്യാപനം ഇന്ന്; ജെഡിഎസ്സുമായി ലയിക്കില്ല

written by :  2018-01-12 07:27:53

തിരുവനന്തപുരം: ജെഡിയു എല്‍ഡിഎഫിലേക്ക്. യുഡിഎഫ് വിടാനുള്ള നിര്‍ണ്ണായക തീരുമാനം പാര്‍ട്ടി സെക്രട്ടറിയേറ്റ് എടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ കൗണ്‍സില്‍ യോഗത്തിന് ശേഷം ഉണ്ടാകും. തീരുമാനത്തെ കോടിയേരി സ്വാഗതം ചെയ്തപ്പോള്‍ വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയാണ് പിന്നിലെന്ന് യുഡിഎഫ് കണ്‍വീനര്‍ വിമര്‍ശിച്ചു. അനിശ്ചിതത്വം അവസാനിപ്പിപ്പിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജെഡിയു ഇടതുപാളയത്തിലേക്ക് മടങ്ങുന്നു. മുന്നണി മാറ്റം അനിവാര്യമാണെന്നും ഇതാണ് ഉചിതമായ സമയമെന്നും സംസ്ഥാന പ്രസിഡണ്ട് വീീരേന്ദ്രകുമാര്‍ യോഗത്തിന്റെ തുടക്കത്തില്‍ വ്യക്തമാക്കി. എതിര്‍ക്കുമെന്ന് കരുതിയ കെപിമോഹനന്‍ പിന്തുണച്ചു. നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയ മനയത്ത് ചന്ദ്രനടക്കമുള്ള 14 ജില്ലാ പ്രസിഡണ്ടുമാരും തീരുമാനത്തിനൊപ്പം നിന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാടു നിന്നുള്ള സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. മുന്നണി മാറ്റത്തിനുള്ള തീരുമാനമെടുത്തതിന് പിന്നാലെ എം.വി. ശ്രേയംസ് കുമാര്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. ജെഡിഎസ്സില്‍ ലയിക്കാതെ ജെഡിയുവുമായി എല്‍ഡിഎഫിലേക്ക് മടങ്ങാനാണ് സിപിഎമ്മുമായുണ്ടാക്കിയ ധാരണ. വീരേന്ദ്രകുമാര്‍ രാജിവെച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റ് സിപിഎം ജെഡിയുവിന് നല്‍കാനാണ് സാധ്യത. അതേ സമയം ജെഡിയു തീരുമാനത്തെ യുഡിഎഫ് വിമര്‍ശിച്ചു. 2009 ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പായിരുന്നു ജെഡിയു എല്‍ ഡി എഫ് വിട്ട് യുഡിഎഫ് ചേരിയിലെത്തിയത്.