ശ്രീജിത്തിന്റെ സമരം വിജയത്തിലേക്ക്: സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

written by :  2018-01-13 19:45:16

തിരുവനന്തപുരം: പൊതുജന പിന്തുണ ആര്‍ജിച്ച ശ്രീജിത്തിന്റെ സമരത്തില്‍ പ്രതീക്ഷയേകുന്ന വഴിത്തിരിവ്. ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കര്യം ആവശ്യപ്പെട്ട് കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിന് കത്തയയ്ക്കും. ആദ്യ അപേക്ഷ സിബിഐ തള്ളിയിരുന്നു. ശ്രീജിവിന് നീതിതേടി ശ്രീജിത്ത് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ 764 ദിവസമായി തുടരുന്ന സമരം വലിയ വാര്‍ത്തയായപ്പോഴാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട സഹോദരനു നീതിതേടി സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് വലിയ പിന്തുണയാണ് ഓരോ ദിവസം ലഭിക്കുന്നത്. ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ രാഷ്ട്രീയക്കാര്‍ക്കെതിരെയും പിന്തുണയുമായെത്തിയവര്‍ ബഹളമുണ്ടാക്കി. സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ബാനറുകള്‍ സ്ഥാപിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ജനരോഷമുയര്‍ന്നത്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ശ്രീജിത്തിനെ ദുരുപയോഗം ചെയ്യരുതെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം.  

തുടര്‍ച്ചയായ സമരവും നിരാഹാരവും മൂലം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട്. 2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.