മനോജ് എബ്രഹാം വിജിലന്‍സ് മേധാവിയാകും: പൊലീസില്‍ വീണ്ടും അഴിച്ചുപണിക്കൊരുങ്ങി സര്‍ക്കാര്‍

written by :  2018-01-19 09:42:31

തിരുവനന്തപുരം: മനോജ് എബ്രഹാം വിജിലന്‍സ് മേധാവിയാകും. നിലവില്‍ റെയ്ഞ്ച് ഐജിയായ അദ്ദേഹത്തിന് എഡിജിപി പദവി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്കാണ് ഇപ്പോള്‍ വിജിലന്‍സിന്റെയും ചുമതല. അദ്ദേഹം തന്നെയാണ്  മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നാണു വിവരം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി തവണ പൊലീസില്‍ അഴിച്ചുപണി നടത്തിയെങ്കിലും റെയ്ഞ്ച് ഐജിയായ മനോജ് എബ്രഹാമിനെ മാറ്റിയിരുന്നില്ല.  അദ്ദേഹത്തിനു പുറമെ പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്നലെ എഡിജിപി ബി. സന്ധ്യ ഉള്‍പ്പെടെയുള്ളവരെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാര തുടങ്ങാനിരിക്കെയാണ് സന്ധ്യയെ ദക്ഷിണമേഖലാ എഡിജിപി സ്ഥാനത്തു നിന്നും നീക്കിയത്. അതേസമയം സോളാര്‍ കമ്മീഷന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനത്തിലേക്ക് മാറ്റിയ പദ്മകുമാറിന് നിര്‍ണ്ണായക സ്ഥാനം നല്‍കുകയും ചെയ്തു.

നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേണഷസംഘത്തിനകത്തുണ്ടായിരുന്ന അതൃപ്തി സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയായിരുന്നു.  കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന  ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം  നേരിട്ട് വിളിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദിനേന്ദ്രേ കശ്യപ് അറിഞ്ഞിരുന്നില്ല. ഐജി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. കുറ്റപത്രം നല്‍കി കേസ് നിര്‍ണ്ണായക ഘട്ടത്തില്‍  എത്തി നില്‍ക്കുമ്പോഴാണ് ഐജിയെയും കൊച്ചി റേ!ഞ്ച് ഐജി  പി വിജയനെയും മാറ്റിയത്.  പൊലീസിന്റെ ട്രെയിനിംഗിന്റെ ചുമതലയുള്ള എഡിജിപി എന്ന അപ്രധാന തസ്തികയിലേക്കാണ് സന്ധ്യയെ മാറ്റയതെന്നതും ശ്രദ്ധേയമാണ്.കൊച്ചി റേഞ്ച് ഐ.ജി പി. വിജയനെയും തല്‍സ്ഥാനത്തു നിന്നും നീക്കി. പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയാണ് പി വിജയന്  ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.   പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഐപിഎസ് തലപ്പത്തെ ആദ്യം അഴിച്ചുപണി ദക്ഷിണമേഖലയില്‍ ആയിരുന്നു.  പദ്മകുമാറിനെ മാറ്റി അന്ന് സന്ധ്യയെ നിയമിക്കുകയായിരുന്നു.  

പക്ഷെ ഇപ്പോഴും സന്ധ്യയെയും പി വിജയനെയും ദക്ഷിണമേഖലയില്‍ നിന്നും മാറ്റിയതിലുളള യഥാര്‍ത്ഥ വസ്തുത സംബന്ധിച്ച് പ്രതികരിക്കന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ വിജയ് സാക്കറെയയെ ഏതാനും ദിവസത്തിന് മുന്‍പാണ് പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്.  ഇപ്പോള്‍   പുതിയ കൊച്ചി റേഞ്ച് ഐ.ജിയായി വിജയ് സാക്രേയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന അനില്‍കാന്തിനെ പുതിയ ദക്ഷിണ മേഖല എ.ഡി.ജി.പിയായി  നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സോളാര്‍ കമ്മീഷന്രെ കണ്ടെത്തലിനെ തുടര്‍ന്ന് മാര്‍ക്കറ്റ് ഫെഡ് എംടി സ്ഥാനത്തേക്ക് മാറ്റിയിരുന്ന കെ പദ്മകൂമാറിനെ ഗതാഗത കമ്മീഷണറുടെ ചുമതലയിലേക്കാണ് മാറ്റിയിരിക്കുന്നത്.