വായ്പാ തട്ടിപ്പ്: പരാതിക്കാരന്‍ മര്‍സൂഖി മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടി

written by :  2018-01-31 07:59:50

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ വായ്പ തട്ടിപ്പു പ്രശ്‌നത്തിനു പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി അനുമതി തേടി. പ്രശ്‌നം രമ്യമായി ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഒത്തുതീരുമെന്നു പ്രതീക്ഷിക്കുന്നതായും മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മര്‍സൂഖി കഴിഞ്ഞ ബുധനാഴ്ച കേരളത്തിലെത്തിയിരുന്നതായും മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ റാം കിഷോര്‍സിങ് യാദവ് പറഞ്ഞു. 

മുഖ്യമന്ത്രിയെ കാണാന്‍ സമയം ആവശ്യപ്പെട്ടു നല്‍കിയ കത്തിനു മറുപടി ലഭിച്ചിട്ടില്ല. രാഷ്ട്രീയ വിവാദങ്ങള്‍ക്കോ നിയമപോരാട്ടങ്ങള്‍ക്കോ മര്‍സൂഖിക്കു താല്‍പര്യമില്ല. മധ്യസ്ഥ ചര്‍ച്ചകളിലൂടെ പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്തു മാധ്യമസമ്മേളനം വിളിച്ചിട്ടുണ്ട്. അതിനു മുന്‍പു പ്രശ്‌നം പരിഹരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത് – യാദവ് പറഞ്ഞു.നിയമ വഴിയിലൂടെ മുന്നോട്ടു പോകാതെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ രാഖുല്‍ കൃഷ്ണന്‍ നിര്‍ബന്ധിക്കുന്നുവെന്നാണു വിദേശ വ്യവസായിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വ്യവസായ, രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കു രംഗത്തു വന്നിരുന്നു. എന്നാല്‍ പണം തിരികെ നല്‍കുന്നതു സംബന്ധിച്ചു ധാരണയിലെത്തിയിട്ടില്ല.