ശശീന്ദ്രനെ കുടുക്കാന്‍ മഹാലക്ഷ്മിയെ രംഗത്തിറക്കിയത് കെ.ബി. ഗണേഷ്‌കുമാറെന്ന് എന്‍സിപി

written by :  2018-02-05 08:58:34

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ സിജെഎം കോടതിയെയും പിന്നീടു ഹൈക്കോടതിയെയും സമീപിച്ച മഹാലക്ഷ്മിയെ രംഗത്തിറക്കിയതിനു പിന്നില്‍ കേരളാ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ.ബി. ഗണേഷ്‌കുമാറാണെന്ന് എന്‍സിപിയിലെ ഒരുവിഭാഗം ആരോപിക്കുന്നു. ശശീന്ദ്രന്‍ രാജിവച്ചതിനു പിന്നാലെ മന്ത്രിയായ തോമസ് ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫായിരുന്ന ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നു മഹാലക്ഷ്മി. ശ്രീകുമാര്‍ ഗണേഷ്‌കുമാറിന്റെ വിശ്വസ്തനും. ഇതാണ് ഗണേഷ്‌കുമാറിനെതിരെ ഒരുവിഭാഗം എന്‍സിപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.  എന്‍സിപിയുടെ രണ്ട് എംഎല്‍എമാരും കേസില്‍പെട്ടതോടെ ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം എന്‍സിപി നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഇടമലയാര്‍ കേസില്‍ ഉള്‍പ്പെടെ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനാണു മഹാലക്ഷ്മിക്കു വേണ്ടി ഹാജരായതെന്നും ഗണേഷിനെതിരെ വിരല്‍ചൂണ്ടുന്നവര്‍ ആരോപിക്കുന്നു. 

മഹാലക്ഷ്മി നല്‍കിയിട്ടുള്ള വിലാസം വ്യാജമാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് എന്‍സിപിയിലും എല്‍ഡിഎഫിലും ഇതു വിവാദത്തിനു കാരണമായത്. തീര്‍ത്തും സാധാരണക്കാരിയായ ഈ സ്ത്രീ ഉന്നത അഭിഭാഷകരെ വച്ചു കേസ് നടത്തുന്നതെങ്ങനെയെന്നും ഇതിനുപിന്നില്‍ ആരാണെന്നും ചോദ്യം ഉയര്‍ന്നു. എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രദീപ് പാറപ്പുറം ഗണേഷിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഇത്തരം സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതും കേരളീയസമൂഹത്തിനു നാണക്കേടുണ്ടാക്കുന്നതുമാണെന്നു പരാതിയില്‍ പ്രദീപ് പറഞ്ഞു. മഹാലക്ഷ്മിയെപ്പോലൊരു വീട്ടമ്മയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ–ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം. ഗണേഷ്‌കുമാര്‍ എംഎല്‍എ, സര്‍ക്കാര്‍ അഭിഭാഷകന്‍, ഒട്ടേറെ കേസുകളില്‍ പ്രതിയായ എറണാകുളം ജില്ലയിലെ രാഷ്ട്രീയക്കാരന്‍ എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യമെല്ലാം പുറത്തുവരുമെന്നും പരാതിയില്‍ പറയുന്നു.