സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം: നേതാക്കളുടെ മക്കള്‍ക്കെതിരായ കേസ് ചര്‍ച്ചയായേക്കും

written by :  2018-02-08 08:56:45

തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടുമക്കളും ആരോപണ നിഴലില്‍ നില്‍ക്കുന്നതിനിടെയാണ് യോഗം. എകെജി സെന്ററില്‍ രണ്ടുദിവസം സംസ്ഥാന സെക്രട്ടേറിയറ്റും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന സമിതിയുമാണ് ചേരുക. സംസ്ഥാന സമ്മേളനത്തിനുള്ള റിപ്പോര്‍ട്ടുകള്‍ തയാറാക്കലാണു മുഖ്യഅജണ്ടയെങ്കിലും കോടിയേരിയുടെ മക്കള്‍ക്കെതിരായ കേസും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. ബിനോയ്ക്കു പിന്നാലെ രണ്ടാമത്തെ മകന്‍ ബിനീഷിനെതിരേയും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ നേതൃയോഗം ചര്‍ച്ച ചെയ്യും. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലപാടാണ് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചിരുന്നത്. എന്നാല്‍ അതിനുശേഷം ബിനോയ്ക്കുള്ള യാത്രാവിലക്കും, ബിനീഷിനെതിരായ കേസും പുറത്തുവന്നു.

ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. സംസ്ഥാന ഘടകം ഒറ്റക്കെട്ടായി കോടിയേരിക്കു പിന്നിലുണ്ടെങ്കിലും, കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകള്‍ ആശ്വാസ്യകരമല്ല. വിവാദവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നടത്തിയ പരാമര്‍ശങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ചര്‍ച്ചകളില്‍ ഇതു പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്.ബ്രാഞ്ചു സമ്മേളനങ്ങള്‍ മുതല്‍ ജില്ലാസമ്മേളനങ്ങള്‍ വരെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ അവസാനിച്ചതിന്റെ ആശ്വാസം പോലും പുതിയ വിവാദങ്ങള്‍ തല്ലിക്കെടുത്തി. ഈ മാസം 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സംഘടനാ, പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ കരട് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കും. തുടര്‍ന്ന് സംസ്ഥാന സമിതി ആവശ്യമായ ഭേദഗതികളോടെ ഇതിന് അംഗീകാരം നല്‍കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തെ സംബന്ധിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനൊപ്പം ഉറച്ചുനിന്നായിരിക്കും സംസ്ഥാന സമ്മേളന രേഖകളും തയാറാക്കുക.