ശുഹൈബിന്റെ കൊലപാതകം: നാലുപേര്‍ പിടിയില്‍

written by :  2018-02-15 07:24:25

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിന്റെ കൊലപാതകത്തില്‍ നാല് പേര്‍ പിടിയില്‍. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. എന്നാല്‍ ഇവര്‍ക്കു പുറമെ കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നു പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഇവര്‍ പൊലീസ് വലയിലായതായാണ് സൂചന. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. രാഷ്ട്രീവ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് ആദ്യമേ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അത്തരത്തിലുള്ള യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11.30 ഓടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ  വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അതേസമയം ശുഹൈബ് വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഇന്നവസാനിപ്പിക്കും.