കെവിഎം ആശുപത്രിയിലെ സമരം: നഴ്‌സുമാര്‍ ഇന്ന് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നു

written by :  2018-02-15 07:26:22

ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നേഴ്‌സുമാര്‍ ആറുമാസമായി തുടരുന്ന സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് നേഴ്‌സുമാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്. പണിമുടക്കുന്ന നേഴ്‌സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും. പതിനായിരത്തിലേറെ നേഴ്‌സുമാര്‍ ആലപ്പുഴയില്‍ എത്തുന്നുണ്ടെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാതെ ഇനിയൊരു ചര്‍ച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. അതേസമയം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് നടത്തുന്ന പണിമുടക്ക് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ പണമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. നേരത്തെ നഴ്‌സുമാര്‍ ഇത്തരം സമരത്തിന് ആഹ്വാനം ചെയ്തപ്പോള്‍ ഹൈക്കോടതി അത് തടഞ്ഞിരുന്നു.