തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ അധ്യക്ഷപ്രസംഗം സംഗതികള്‍ കുറച്ചുകൂടി രൂക്ഷമാക്കി; ക്യാബിനറ്റില്‍ നിന്ന് വിട്ടുനിന്നത് നിയമവാഴ്ചയോടും കോടതിയോടും ജനാധിപത്യത്തോടുമുള്ള ബഹുമാനം കൊണ്ടെന്നും കുമ്മനം

written by :  2017-11-24 16:07:49

തിരുവനന്തപുരം: മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ ജനജാഗ്രതാ യാത്രയ്ക്കിടയിലെ അധ്യക്ഷപ്രസംഗം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ജനജാഗ്രതാ യാത്ര നടത്തിയത് ബിജെപിക്കും ആര്‍എസ്എസിനും എതിരായിട്ടായിരുന്നു. അത് ശക്തമായി മുന്നോട്ട് നീങ്ങുമ്പോഴും ചാണ്ടിയുടെ പ്രശ്‌നമായിരുന്നു മുന്നില്‍ ഉണ്ടായിരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗത്തില്‍ എന്‍സിപി ഒഴികെയുള്ള എല്ലാ കക്ഷികളും ഈ വിഷയത്തില്‍ ഒരു തീരുമാനം വേണമെന്ന് ഉറച്ച് നിന്നതുകൊണ്ടാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ യുക്തമായ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.

എന്നാല്‍ കേരളത്തിന്റെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് രൂക്ഷമായ പരാമര്‍ശമാണ് നടത്തിയത്. ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും അപ്പുറമുള്ളതായിരുന്നു അത്. എല്‍ഡിഎഫ് യോഗത്തില്‍ സിപിഐയുടെ തീരുമാനം ഞങ്ങള്‍ പറഞ്ഞിരുന്നു. ഒരു മന്ത്രി മന്ത്രിസഭയ്‌ക്കെതിരെ, ചീഫ് സെക്രട്ടറിക്കെതിരെ കേസുകൊടുക്കുന്നത് ഭരണഘടനാ ലംഘനമല്ലേ എന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചു. ശക്തമായ പരാമര്‍ശങ്ങളാണ് ഡിവിഷന്‍ ബഞ്ചിന്റെ ഭാഗത്തുനിന്ന് വന്നത്. അവര്‍ ആദ്യം പറഞ്ഞു പരമാര്‍ശങ്ങള്‍ മാത്രമാണെന്ന്. പക്ഷേ പരാമര്‍ശങ്ങളല്ല വിധിന്യായത്തിന്റെ ഭാഗം തന്നെയായിരുന്നു അത്. ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി കേസു കൊടുത്തിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം ലംഘിക്കലാണ്. രൂക്ഷമായിട്ടുള്ള വിമര്‍ശനം വന്നപ്പോഴാണ് ഒരു നിമിഷം പോലും താമസിക്കരുത് എന്ന അഭിപ്രായം ശക്തമായി ഉന്നയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. 

ഓഗസ്റ്റ് 17നാണ് ചാണ്ടിയുടെ പ്രശ്‌നം നിയമസഭയില്‍ വന്നത്. 90ദിവസത്തിന് ശേഷമാണ് അദ്ദേഹം രാജിവച്ചത്. എല്‍ഡിഎഫിനെതിരായി വളരെയധികം വിമര്‍ശനങ്ങള്‍ ആ സമയങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. മുന്നണിയില്‍ മര്യാദ വേണം, പക്ഷേ എന്താണ് മര്യാദയുടെ നിര്‍വചനം? എന്താണ് മര്യാദ എന്ന് നിര്‍വചിച്ചാലല്ലേ ആരു ലംഘിച്ചൂ എന്ന് പറയാന്‍ പറ്റൂ. ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി കേസുകൊടുക്കുന്നത് കൂട്ടുത്തരവാദിത്തഘനമാണ് എന്നെല്ലാം പരാമര്‍ശനങ്ങള്‍ നടത്തിയതിന് ശേഷം അത്തരമൊരു മന്ത്രിയോടൊപ്പം ക്യാബിനറ്റ് വേദി പങ്കിടേണ്ട എന്ന് സിപിഐ തീരുമാനിച്ചത് നിയമ വാഴ്ചയോടും കോടതിയോടും ജനാധിപത്യത്തോടും ഉള്ള ബഹുമാനം കൊണ്ടാണ്. 

തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നത് അപമാനകരമാണെന്ന് തലേന്നു തന്നെ കോടിയേരി ബാലകൃഷ്ണനേട് ഞാന്‍ ഫോണില്‍ പറഞ്ഞതാണ്. ഞങ്ങളുടെ പാര്‍ട്ടിയുടെ മന്ത്രിമാര്‍ ക്യാബിനറ്റ് കൂടുന്നതിന് മുമ്പ് കക്ഷിനേതാവിന്റെ ഓഫീസില്‍ കൂടിയിട്ടാണ് മന്ത്രിസഭായോഗത്തിന് പോകുന്നത്. രാവിലെ 8.55 ആയപ്പോള്‍ തോമസ്ചാണ്ടി വെല്ലുവിളിച്ചു മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന്. അപ്പോഴാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കരുത്, മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് മനസിലായത്. ഭരണഘടനാ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച ഒരു മന്ത്രിയോടൊപ്പം ക്യാബിനറ്റില്‍ പങ്കെടുക്കെണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത് അപ്പോഴാണ്. അത് ഒരു തരത്തിലുമുള്ള കൂട്ടുത്തരവാദിത്ത ലംഘനമല്ല. പങ്കെടുത്തിട്ട് ബഹിഷ്‌കരിക്കുകയാണെങ്കില്‍ അത് കൂറച്ചുകൂടി ഗൗരവമുള്ളതാണ്. ഒരു തീരുമാനം എടുത്താല്‍ അത് നടപ്പിലാക്കണം. അതാണ് കൂട്ടുത്തരവാദിത്വം. നമുക്ക് വ്യത്യസ്ത അഭിപ്രായം പറയാം. തീരുമാനം എടുത്താല്‍ അതാണ് ക്യാബിനറ്റിന്റെ അഭിപ്രായം. 

അങ്ങനെ അവര്‍ക്ക് പറയാന്‍ പറ്റില്ല. നിയമം ലംഘിക്കുന്നത് ആരാണെങ്കിലും ജനപ്രതിനിധിയോ മന്ത്രിയോ ആരാണെങ്കിലും അവര്‍ക്കെല്ലാം ഒരു നിയമം മാത്രമാണ് ബാധകം. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കാര്‍ഷിക മേഖലയിലെ പട്ടയവുമൊക്കെയായിട്ട് ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ഞങ്ങള്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. നിയമം നടപ്പിലാക്കുക അതാണ് കേരളത്തിലെ ഗവണ്‍മെന്റിന്റെ ചുമതല. കേരളത്തിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുക. വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുക. അതിനോട് ഒരു സന്ധിയും ചെയ്യില്ല. ചെറുകിടക്കാരുടെ പ്രശ്‌നങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കായി പരിശോധിക്കുക. ഈ സമീപനം ആണ് എല്‍ഡിഎഫിന്റെ സമീപനം. 

പത്താം തീയതിയിലെ ഞങ്ങളുടെ എക്‌സിക്യൂട്ടീവ് തോമസ് ചാണ്ടി വിഷയത്തെ സംബന്ധിച്ച് ഒരു തീരുമാനം എടുത്തതാണ്. ചാണ്ടിയുടെ രാജി അത്യാന്താപേക്ഷിതമാണെന്ന്. ആ അഭിപ്രായം 12ാം തീയതിയിലെ എല്‍ഡിഎഫ് യോഗത്തില്‍ പറഞ്ഞു. ആ യോഗത്തില്‍ പങ്കെടുത്ത ആളാണ് കെ. ഇ. ഇസ്മയില്‍. വിഷയം അതിന്റെ ക്ലൈമാക്‌സില്‍ നില്‍ക്കുമ്പോള്‍ സിപിഐയില്‍ ഒരു ഭിന്നസ്വരം ഉണ്ടെന്ന് തോന്നത്തക്കവിധം ആണ് അദ്ദേഹം സംസാരിച്ചത്. എന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റി എന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇസ്മയില്‍ എടുത്ത നിലപാടിന്റെ അസംതൃപ്തി നാഷണല്‍ എക്‌സിക്യൂട്ടിവില്‍ അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആര് മന്ത്രിയാകണം എന്ന് തീരുമാനിക്കേണ്ടത് എന്‍സിപിയാണ്. തോമസ് ചാണ്ടി കുറ്റവിമുക്തനായി വന്നാല്‍ മന്ത്രിയാക്കുന്നതില്‍ അനുകൂലിക്കുമോ ഇല്ലയോ എന്നൊക്കെ ആ സമയത്ത് പറയാം. പക്ഷേ ഇനി മന്ത്രിയാവാന്‍ ചാണ്ടി വരുമെന്ന് എനിക്ക് തോന്നുന്നില്ല. കര്‍ശനമാക്കുകയല്ല കാര്യങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്. ആരായാലും ഏതു പാര്‍ട്ടിയായാലും. ഞങ്ങളാണ് ലംഘിച്ചതെങ്കില്‍ ഞങ്ങള്‍ക്കെതിരെ നടപടി വേണം. ചേര്‍ത്തലയിലെ ഞങ്ങളുടെ ഓഫിസിനെ സംബനന്ധിച്ച് ഒരു ആരോപണം വന്നു. കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് ഓംബുഡ്‌സ്മാന്റെ വീഴ്ചയാണെന്ന് മനസ്സിലാകും. 

1965ല്‍ ഞങ്ങള്‍ക്ക് 9% വോട്ടുണ്ടായിരുന്നു. ഇപ്പോഴെങ്ങനെ 5% ആകും. ആ കണക്കുകളൊന്നും ശരിയല്ല. സിപിഎം സിപിഐയുടെ പിന്തുണയില്ലാതെ എന്നാണ് കേരളത്തില്‍ സര്‍ക്കാരുണ്ടാക്കിയിട്ടുള്ളത്. ചരിത്രം പരിശോധിച്ച് നോക്കൂ. 1967ല്‍ ഞങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത കാര്യങ്ങളുണ്ടായപ്പോള്‍ ഇഎംഎസ് സര്‍ക്കാരിനുള്ള പിന്തുണ ഞങ്ങള്‍ പിന്‍വലിച്ചു. പക്ഷേ ഞങ്ങള്‍ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് 10 വര്‍ഷം ഞങ്ങളായിരുന്നു അധികാരത്തില്‍. ഇത്രയും വലിയ ശക്തന്മാര്‍ 11 വര്‍ഷം വെയിലത്തു നില്‍ക്കുകല്ലായിരുന്നോ ? അവര്‍ക്ക് തന്നെ ഒന്ന് അധികാരത്തില്‍ കയറാന്‍ പറ്റിയില്ലല്ലോ. ചരിത്രം പഠിച്ചാല്‍ ഈ പറയുന്ന അഹങ്കാര വര്‍ത്തമാനം ഇവര്‍ പറയില്ല. സിപിഎമ്മും സിപിഐയും എല്ലാ കാര്യത്തിലും ഒന്നാണ്. തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും ഞങ്ങള്‍ ഒന്നാണ്. ചില കാര്യങ്ങളില്‍ സിപിഎം ഇടതു പക്ഷ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുമ്പോഴാണ് സിപിഐ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത്. 

ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നിച്ചു പോകണമെന്നതാണ് സിപിഐയുടെ ആഗ്രഹം. രാഷ്ട്രീയത്തില്‍ അങ്ങനെയൊന്നും പറയാന്‍ സാധിക്കില്ല. കോണ്‍ഗ്രസ്സുമായി ചേരാത്ത എതു പാര്‍ട്ടിയാണ് കേരളത്തിലുള്ളത് ? ആരുമില്ല. യുപിഎ സര്‍ക്കാരിന് ആരാണ് പിന്തുണ നല്‍കിയത് ? അന്ന് ഞങ്ങള്‍ മന്ത്രിസ്ഥാനത്തിനൊന്നും പോയില്ല. സ്പീക്കര്‍ സ്ഥാനത്തേക്ക് പോയത് സിപിഎമ്മാണ്. കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമുണ്ടാകുകയില്ല എന്നു ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഒരു ബന്ധവും ഒരിക്കലും ഉണ്ടാകില്ല എന്നു ഉറപ്പ് പറയാന്‍ പറ്റുന്നത് ആര്‍എസ്എസ്സും ബിജെപിയുമായാണ്. 

ബിജെപിയെയും ആര്‍എസ്എസ്സിനെയും പ്രതിരോധിക്കാന്‍ എല്‍ഡിഎഫിനു മാത്രമേ സാധിക്കൂ. ആവരുടെ വളര്‍ച്ച ഇടതുപക്ഷത്തിന്റെ പരാജയമാണെന്ന് പറയാന്‍ സാധിക്കില്ല. ബിജെപിക്ക് രണ്ട് എംപി മാര്‍ ഉള്ള ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഇടതുപക്ഷം ഇവിടെ പൂത്തുലഞ്ഞു നില്‍ക്കുകയല്ലായിരുന്നു. അന്നും ഇടതു പക്ഷത്തിന് അതിന്റേതായ ശക്തിയേ ഉണ്ടായിരുന്നുള്ളൂ. ബിജെപിക്ക് ജനാധിപത്യപരമായി മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അവര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനാധിപത്യ വിരുദ്ധമാണ്. ഒരു പാര്‍ട്ടിയുടെ ഗ്രാഫ് ഉയര്‍ന്ന് തന്നെ പോകില്ല. കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകും. 

രാഷ്ട്രീയത്തില്‍ ഇക്കാലത്ത് ഒരു മാറ്റമുണ്ടായിട്ടുണ്ട്. എത്ര കോര്‍പ്പറേറ്റ് മുതലാളിമാരാണ് രാജ്യസഭയിലൊക്കെ അംഗങ്ങളായി വരുന്നത്. കോടീശ്വരന്മാരുടെ പാര്‍ലമെന്റല്ലേ ഇപ്പോഴുള്ളത്. രാജ്യത്ത് പൊതുവായി ഉടലെടുക്കുന്ന ഈ സമ്പ്രദായത്തിന്റെ ചില ശേഷിപ്പുകള്‍ കേരളത്തിലും അപൂര്‍വമായി ഉണ്ടാകാം. അതൊന്നും ഒരു കുറ്റമായി നമുക്ക് കണക്കാക്കാനാവില്ല. കമ്യൂണിസ്റ്റുകാര്‍ പണത്തിനെതിരല്ലല്ലോ. വ്യവസായം നടത്താന്‍ പാടില്ല എന്നു പറയുന്നില്ലല്ലോ. ആരെങ്കിലും മൂലധനം മുടക്കി വ്യവസായം ചെയ്യുന്നതിന് ഞങ്ങള്‍ എതിരല്ല. സ്വകാര്യ സ്വത്ത് ഉണ്ടാവരുത് എന്ന് ഈ ജനാധിപത്യ രാജ്യത്ത് പറയാന്‍ പറ്റില്ല. എല്ലാം നിയമങ്ങള്‍ അനുസരിച്ചാവണം എന്നു മാത്രം.