പാറക്വാറി ദുരന്തം: കുന്നത്തുകാലില്‍ പാഠമുള്‍ക്കൊണ്ട് സംസ്ഥാനത്തെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്ന് സുധീരന്‍

written by :  2017-11-26 14:15:38

തിരുവനന്തപുരം:  കുന്നത്തുകാല്‍ പഞ്ചായത്തിലെ കോട്ടക്കലിലുണ്ടായ ക്വാറി ദുരന്തത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് സംസ്ഥാനത്തുടനീളം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടേയും മൈനിംഗ് ആന്റ് ജിയോളജി ഉള്‍പ്പടെ നിരവധി വകുപ്പുകളുടേയും ഏജന്‍സികളുടേയും അനുമതി അനിവാര്യമാണെങ്കിലും ഇതൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന അസംഖ്യം ക്വാറികള്‍ സംസ്ഥാനത്തുണ്ട്. ചിലയിടത്താകട്ടെ, പഞ്ചായത്തിന്റേയും മറ്റ് ബന്ധപ്പെട്ട വകുപ്പ് അധികൃതരുടേയും ഒത്തുകളിയിലൂടെ പ്രവര്‍ത്തിക്കുന്ന ക്വാറികളുമുണ്ട്.

പലയിടങ്ങളിലും വേണ്ടപോലെ നിരീക്ഷണവും നിയന്ത്രണവും നിരോധനവും നടത്തേണ്ടവര്‍ തന്നെ കള്ളക്കളികളിലൂടെ നിയമവിരുദ്ധ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് കളമൊരുക്കുന്നുമുണ്ട്. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടേയും തൊഴിലാളികളുടേയും സുരക്ഷിതത്വവും ഉറപ്പുവരുത്താതെ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ക്വാറികള്‍ നടത്തുന്നവരുമുണ്ട്. ഈ മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ദുരനുഭവമാണ് കോട്ടക്കലിലേത്.

സര്‍ക്കാര്‍ തന്നെ ഇക്കാര്യങ്ങളിലൊക്കെ മൗനാനുവാദം നല്‍കുന്നതാണ് ഈ മേഖലയില്‍ അരാജകമായ ഇത്തരം അവസ്ഥയ്ക്ക് ഇടവരുത്തിയിട്ടുള്ളത്. അതുകൊണ്ട് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ പങ്കാളിത്തോടു കൂടി വ്യാപകമായ പരിശോധനയും തുടര്‍നടപടികളും ഉണ്ടാകേണ്ടതുണ്ട്. ജനജീവിതത്തിനും പരിസ്ഥിതിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന നിയമനിഷേധികളായ ക്വാറി നടത്തിപ്പുകാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.