പത്മവാതിക്ക് പിന്തുണയുമായി സിനിമാ ലോകം: ഇന്ന് ചിത്രീകരിക്കുന്ന എല്ലാ ചിത്രങ്ങളും 15 മിനിറ്റ് നിര്‍ത്തിവച്ച് പ്രതിഷേധം

written by :  2017-11-26 14:20:48

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയ്ക്കെതിരെ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ ചിത്രത്തിന് പിന്തുണയുമായി സിനിമ ലോകവും. ചിത്രത്തിനെതിരെ ബിജെപിയും കര്‍ണി സേന പോലുള്ള സംഘടകളുയര്‍ത്തുന്ന അക്രമത്തിനെതിരെ ചലച്ചിത്രലോകം ഇന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ച് പ്രതിഷേധിക്കും. പത്മാവതിയുടെ അണിയറ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ചിത്രീകരിക്കുന്ന എല്ലാ സിനിമയും 15 മിനിട്ട് നിര്‍ത്തിവയ്ക്കും. രാജ്യവ്യാപകമായി എല്ലാ സിനിമാ സീരിയല്‍ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ചിലരുടെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുകയാണ് ലക്ഷ്യം.

ഞാന്‍ ശരിക്കും സ്വതന്ത്രനാണോ' എന്നുപേരായ പ്രതിഷേധ സംഗമം ഇന്ന് മുംബൈ ഫിലിം സിറ്റിയില്‍ നടക്കും. വൈകുന്നേരം 3.30നാണ് പ്രതിഷേധ സംഗമം. യഥാര്‍ഥത്തില്‍ ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണോ എന്നുള്ള ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. പത്മാവതി പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്റര്‍ കത്തിക്കുമെന്ന ഭീഷണിയുമായി രജപുത്ര കര്‍ണിസേന രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ രജപുത്ര രാജ്ഞിയായ പത്മാവതിയും മുസ്ലീം ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് രജപുത്ര കര്‍ണിസേന രംഗത്തെത്തിയിരുന്നത്. ചിത്രത്തിലെ നായിക ദീപിക പദുകോണിനെതിരെയും സംവിധായകന്‍  സഞ്ജയ് ലീല ബന്‍സാലിയ്‌ക്കെതിരെയും ഇവര്‍ കൊലവിളി നടത്തിയിരുന്നു. ഡിസംബര്‍ ഒന്നിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് മാറ്റിവെക്കുകയായിരുന്നു.