ആര്‍ഭാഢമില്ലാതെ വിവാഹ വാര്‍ഷികം: ഒരുവര്‍ഷത്തിനുള്ളില്‍ കാരാഗ്രഹ വാസം ഉള്‍പ്പെടെ മുള്ളുകള്‍ നിറഞ്ഞ പാതകള്‍

written by :  2017-11-26 14:27:27

കൊച്ചി: ദിലീപ്-കാവ്യാ മാധവന്‍ താരജോഡികളുടെ വിവാഹത്തിന്റെ ഒന്നാം വാര്‍ഷികമായിരുന്നു ഇന്നലെ കടന്നുപോയത്. 2016 നവംബര്‍ 26നായിരുന്നു കാവ്യയുടെ കഴുത്തില്‍ ദിലീപ് മിന്നുകെട്ടിയത്. ആര്‍ഭാഡങ്ങളൊന്നുമില്ലാതെ വീട്ടില്‍ തന്നെ താരജോഡികള്‍ കഴിച്ചുകൂട്ടി. നടി മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ നിരവധി തവണ പ്രചരിച്ചിരുന്നെങ്കിലും അതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഇതേദിനം അതിന് സ്ഥിരീകരണം ലഭിച്ചു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളെല്ലാം നിഷേധിച്ച് പല തവണ ദിലീപും കാവ്യയും തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരേസമയം സിനിമ പ്രവര്‍ത്തകരെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് തന്റെ വിവാഹ വാര്‍ത്ത ദിലീപ് തന്നെ പുറത്തുവിടുകയായിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ വിവാഹത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളടക്കമുളളവരും  പങ്കെടുത്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ദിലീപിന് ലഭിച്ചത് കാരാഗ്രഹ വാഹം ഉള്‍പ്പെടെ മുള്ളുകള്‍ നിറഞ്ഞ പാതകളായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നതും. ഈ മാനസികാവസ്ഥയില്‍ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ദിലീപിനായില്ല. കാവ്യ താരജോഡികള്‍ വിവാഹവാര്‍ഷികത്തിലെത്തി നില്‍ക്കുമ്പോള്‍ സിനിമയെ വെല്ലുന്ന മുഹൂര്‍ത്തങ്ങളാണ് ഇരുവര്‍ക്കും ജീവിതത്തില്‍ നേരിടേണ്ടിവന്നത്. കേരളക്കരയുടെ മനസാക്ഷിയെ തന്നെ ഞെട്ടിച്ച ഒരു കേസിലെ പ്രതിയാണ് ഇന്ന് ദിലീപ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചന നടന്നെന്നും അതിന് പിന്നില്‍  ദിലീപാണെന്നും പൊലീസ് കണ്ടെത്തുകയും ദിലീപ് അറസ്റ്റിലായതും കേരളം കണ്ടു. ദിലീപിന്റെ അറസ്റ്റ് ഒന്നടങ്കം മലയാളികളെയും സിനിമ ലോകത്തേയും ഞെട്ടിച്ചു. നിലവില്‍ കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. പുറത്തുവന്ന തെളിവുകള്‍ ദിലീപിന്  പ്രതികൂലമാകുമെന്നാണ്  റിപ്പോര്‍ട്ടുകള്‍.

കേസിന് പുറകില്‍ കാവ്യയുടെയും അമ്മയുടെയും എല്ലാം പേരുകള്‍ പറഞ്ഞുകേട്ടു. ഇരുവരെയും അന്വേഷണസംഘം പലതവണ ചോദ്യം ചെയ്തു. കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ വരെയുണ്ടായി. തുടര്‍ന്ന് താരം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജൂലൈ പത്തിനാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്. ദിലീപ് റിമാന്റ് പ്രതിയായി ആലുവ സബ്ജയിലില്‍ എത്തി. തുടര്‍ന്ന് പലതവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളപ്പെട്ടു. ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ വീതം ദിലീപിന്റെ ജാമ്യാപേക്ഷ നിഷേധിച്ചു. ഇതിനിടയില്‍ സെപ്തംബര്‍ ആറിന് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി കര്‍ശന ഉപാധികളോടെ ഏതാനും മണിക്കൂറത്തെ അനുമതി നല്‍കി. രാവിലെ എട്ടിന് വീട്ടിലെത്തിയ ദിലീപ് കര്‍മങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി ജയിലില്‍ തിരികെയെത്തി. പിന്നീട് മൂന്നാം ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല നിധി പുറപ്പെടുവിച്ചതോടെ ഒക്ടോബര്‍ മൂന്നിന് ദിലീപ് ജയില്‍ മോചിതനായി.

ഇരുപതിലധികം ചിത്രങ്ങളിലാണ് ഈ താരജോഡികള്‍ ഒരുമിച്ചെത്തിയത്. ഒടുവില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി അഭിനയിച്ചത്.  കലോത്സവവേദികളിലൂടെ സിനിമയിലെത്തിയ കാവ്യ മാധവനെ അഴകിയ രാവണനിലെ വേഷമാണ് ശ്രദ്ധേയയാക്കുന്നത്. ദിലീപ് ആദ്യമായി നായകനാകനായെത്തിയത് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലാണ്.