മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ. ചന്ദ്രശേഖരന്‍ നായര്‍ ഗുരുതരാവസ്ഥയില്‍

written by :  2017-11-29 10:49:44

തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഐ മുതിര്‍ന്ന നേതാവുമായ ഇ. ചന്ദ്രശേഖരന്‍ നായരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അദ്ദേഹത്തെ ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ ഏതാനും നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനു സമീപത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സിവില്‍സപ്ലൈസ് മന്ത്രിയായിരിക്കെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ചന്ദ്രശേഖരന്‍ നായര്‍ മാവേലി മന്ത്രിയെന്നും അറിയപ്പെട്ടിരുന്നു. മാവേലി സ്റ്റോറുകള്‍ കൊണ്ടുവന്നത് ചന്ദ്രശേഖരന്‍ നായരാണ്. അറിയപ്പെടുന്ന സഹകാരിയായിരുന്നു.  കൊട്ടാരക്കരയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മൂന്നുതവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1980, 1987 കാലത്തെ ഇടത് മന്ത്രിസഭകളില്‍ ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയായിരുന്നു. 

2001-2006 കാലങ്ങളില്‍ വിനോദസഞ്ചാര മന്ത്രിയായിരിക്കെ ടൂറിസം മേഖലയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. തെന്‍മല ഇക്കോ ടൂറിസം പദ്ധതി ചന്ദ്രശേഖരന്‍ നായരുടെ സംഭാവനയാണ്. 1957ലെ നിയമസഭയില്‍ അംഗമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍. കൊട്ടാരക്കര സ്വദേശിയാണ്.