അരങ്ങൊഴിഞ്ഞത് മിമിക്‌സ് ഡ്രാമയുടെ പിതാവ്

written by :  2017-11-30 11:23:28

തിരുവനന്തപുരം: നടനും മിമിക്രി താരവുമായ അബിയുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായത് മിമിക്‌സ് ഡ്രാമയുടെ പിതാവിനെ. ഒരുലാകത്ത് കലോത്സ വേദികളില്‍പ്പോലും ഇളക്കിമറിച്ച കഥാപാത്രമായിരുന്നു ആമിനത്താത്ത. ആ കഥാപാത്രം തനിക്കു മാത്രമേ കൃത്യമായും ചെയ്യാന്‍ കഴിയൂ എന്ന് ഉറപ്പാക്കിയ കലാകാരനായിരുന്നു കലാഭവന്‍ അബി. മിമിക്രി എന്ന കല ക്ഷേത്ര ഉത്സവ വേദികളില്‍ അത്ര പ്രസക്തമല്ലാതിരുന്ന കാലത്താണ് അബി തന്നെ മുന്‍കൈയെടുത്ത് നാടകവും കൂടി സ്‌കിറ്റുകളില്‍ ഉള്‍പ്പെടുത്തി ഹാസ്യരൂപേണ അവതരിപ്പിച്ചത്. അത് കാണികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. അബിയുടെ പിന്തുടര്‍ച്ചക്കാര്‍ അത് മറ്റു പല പരിവേഷങ്ങളും നല്‍കി പൊലിപ്പിച്ചു. 

ടിവി ചാനലുകളും റിയാലിറ്റി ഷോകളും രംഗപ്രവേശം ചെയ്യുന്നതിനു മുമ്പ് ഹാസ്യരൂപേണയുള്ള ഓഡിയോ സിഡികള്‍ പുറത്തിറക്കിയിരുന്നു. നടന്‍ ദിലീപുമായി ചേര്‍ന്ന് ദേ മാവേലിക്കൊമ്പത്ത് എന്ന കാസറ്റിന്റെ വിവിധ ഭാഗങ്ങളാണ് ഇറക്കിയിരുന്നത്. അതിലെ ആമിനത്താത്തയെ ഒരുകാലത്തും മറക്കാനിടയില്ല. അതു പിന്നെ അബി തന്നെ സിനിമയിലും അവതരിപ്പിച്ചു. അബിയുടെ മറ്റൊരു മാസ്റ്റര്‍പീസാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന്റെ ശബ്ദം തെല്ലും ചോരാതെ കാണികളെ അത്ഭുതപ്പെടുത്തുംവിധമാണ് അനുകരിച്ചുവന്നത്. മിമിക്രി കലാകാരന്‍മാര്‍ക്ക് സമൂഹത്തില്‍ അംഗീകാരമില്ലാതിരുന്ന കാലഘട്ടത്തില്‍ അതിനൊരു വിപ്ലവകരമായ മാറ്റമാണ് അബി ഉണ്ടാക്കിയെടുത്തത്. 

മലയാളത്തില്‍ മിമിക്രി  കസെറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ നടനായിരുന്നു. അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  യുവ നടന്‍ ഷൈന്‍ നിഗം മകനാണ്.രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്ന രോഗത്തിന് അബി ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അബിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 54 വയസായിരുന്നു. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. മിമിക്രിയില്‍ നിറഞ്ഞു നിന്ന പല കലാകാരന്മാരും സിനിമയില്‍ മുന്‍നിര നായകന്‍മാരായപ്പോള്‍ അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല.  ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അബി മടങ്ങിയെത്തിയിരുന്നു.