ഓഖി ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി: കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുന്നില്ല

written by :  2017-12-03 08:53:22

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപ് ഒറ്റപ്പെട്ടു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദ്വീപുകളുടെ കിഴക്കന്‍ തീരത്താണു നാശം കൂടുതല്‍. പുലിമുട്ടു തകര്‍ന്നതോടെ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ദ്വീപില്‍ അടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചുഴലിക്കാറ്റ് മിനിക്കോയ് ദ്വീപില്‍നിന്നു വടക്കുകിഴക്ക് 80 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 110  120 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്നുണ്ടെന്നു തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിയും കടല്‍ക്ഷോഭവും ഇന്നും തുടര്‍ന്നാല്‍ കല്‍പേനി, മിനിക്കോയ് ദ്വീപുകള്‍ പൂര്‍ണമായി ഒറ്റപ്പെടും. ഇന്നലെ പകല്‍ നാലുമണിയോടെ കാറ്റ് അല്‍പം ശമിച്ചെങ്കിലും കടല്‍ക്ഷോഭം തുടരുകയാണ്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് ഉച്ചവരെ വീണ്ടും കാറ്റിനു സാധ്യതയുണ്ട്. 30 വര്‍ഷത്തിനിടെ ചുഴലി ഇത്രയും നാശം ദ്വീപിനുണ്ടാക്കിയിട്ടില്ലെന്നു നിവാസികള്‍ പറഞ്ഞു. ലക്ഷദ്വീപ് സമൂഹത്തിലെ 10 ദ്വീപുകളുടെ നടുവിലുള്ള അമിനി ദ്വീപിന്റെ 240 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കു ഭാഗത്തേക്കു മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ഓഖി സഞ്ചരിക്കുന്നതായാണു റിപ്പോര്‍ട്ട്. ഇതു ദ്വീപുവാസികളെ കൂടുതല്‍ ഭയപ്പെടുത്തുന്നു. 

ബോട്ടുകള്‍ക്ക് അടുക്കാന്‍ കഴിയാതായതോടെ ശേഖരിച്ചിരുന്ന ഭക്ഷണസാമഗ്രികള്‍ തീര്‍ന്നുതുടങ്ങി. കല്‍പേനിയില്‍ 10 വീടുകള്‍ തകര്‍ന്നു; നൂറിലധികം തെങ്ങുകള്‍ കടപുഴകി. ജലശുദ്ധീകരണ പ്ലാന്റില്‍ തിര അടിച്ചുകയറി പ്രവര്‍ത്തനം നിലച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കു ഹെലികോപ്റ്ററുകള്‍ ഇറക്കാറുള്ള ഹെലിപാഡുകളും തകര്‍ന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നശിച്ചു, മേല്‍ക്കൂരകള്‍ പറന്നുപോയി. കെട്ടിടങ്ങള്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്. പല ദ്വീപുകളിലും മരങ്ങള്‍ വീണു വൈദ്യുതി ബന്ധം തകര്‍ന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമല്ല. തിരമാലകളില്‍പെട്ടു മുപ്പതിലധികം ബോട്ടുകള്‍ തകര്‍ന്നു. ഭക്ഷണവും മരുന്നുകളുമായി കൊച്ചിയില്‍നിന്നു പുറപ്പെട്ട നാവികസേനയുടെ രണ്ടു കപ്പലുകള്‍ ദ്വീപില്‍. എന്നാല്‍ വിതരണം ഫലപ്രദമായിട്ടില്ല. ചരക്കുമായി കവരത്തി തീരത്തിന് അടുത്തെത്തിയ അല്‍ നൂര്‍ എന്ന നാടന്‍ ഉരു ചരക്കുകളോടെ മുങ്ങി. ഉരുവിലുള്ള മുഴുവന്‍പേരെയും കൊടിത്തല ബാര്‍ജിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. 

ജനങ്ങളെ അപകടമേഖലയില്‍നിന്നു കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്കു മാറ്റി താമസിപ്പിക്കുന്നു. ചെന്നൈ റജിസ്‌ട്രേഷനുള്ള ലൈബല്‍ എന്ന മത്സ്യബന്ധന ബോട്ട് അന്ത്രോത്ത് ദ്വിപില്‍ അടുപ്പിച്ചു. എട്ടു തമിഴ്‌നാട്ടുകാരാണു ബോട്ടിലുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാറൂഖ് ഖാനും ലക്ഷദ്വീപ് എംപി: പി.പി.മുഹമ്മദ് ഫൈസലുമായി ബന്ധപ്പെട്ടു സ്ഥിതി വിലയിരുത്തി. മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനാല്‍ സാധ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നു മുഹമ്മദ് ഫൈസല്‍ എംപി. കല്‍പേനി, മിനിക്കോയ് ദ്വീപുകളിലാണു കനത്ത നാശമെന്നും ഫൈസല്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനു നാവികസേന, തീരരക്ഷാസേന, ദുരന്തനിവാരണ ഏജന്‍സികള്‍.