അവസാന ആളെ കണ്ടെത്തുന്നതുവരെയും തിരച്ചില്‍ തുടരും: അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍

written by :  2017-12-04 10:48:59

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിഴിഞ്ഞത്തേയും പൂന്തുറയിലേയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പൂന്തുറയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു. കടലില്‍ പോയ അവസാന ആളേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്നും യുദ്ധക്കപ്പല്‍ വരെ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി ജനങ്ങളെ അറിയിച്ചു. മറ്റ് തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. സുനാമി അടിച്ച സമയത്തേക്കാളും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കും. മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും അവര്‍ പൂന്തുറയില്‍ പറഞ്ഞു. ഇതുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 15 മിനിറ്റോളം മന്ത്രി ജനങ്ങളുമായി സംസാരിച്ചു.

പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് ചെറിയ തോതില്‍ പ്രതിഷേധവും ചോദ്യങ്ങളുമുണ്ടായി. കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും ആരോപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടരീതിയിലുള്ള ഇടപെടല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ടായി.രാവിലെ കോവളത്ത് എത്തി അവലോകന യോഗം നടത്തിയ ശേഷം മന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആരോപണം ശരിയല്ലെന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു. 100 വര്‍ഷത്തിനിടെ ഇത്തരം കാറ്റ് ഉണ്ടായിട്ടില്ല.വളറെ ശക്തമായ ന്യൂനമര്‍ദ്ദമാണെന്ന് മാത്രമാണ് ആദ്യം വിവരം ലഭിച്ചത്. പിന്നീടാണ് ശക്തമായ കാറ്റാണെന്ന് മനസിലായത്. കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതിനനുസരിച്ച് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് കുറ്റപ്പെടുത്തലുകള്‍ നടത്താതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എത്തിയപ്പോള്‍ ഉണ്ടായ പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. മന്ത്രിമാരായ കടകംപള്ളി സൂരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. രാവിലെ 11 മണിയോടെ മന്ത്രി മുഖ്യമന്ത്രിയെ കാണുുന്നുണ്ട്. രാവിലെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. ജില്ലാ കളക്ടര്‍, നാവികസേന,തീരദേശ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍ എത്തിയ മന്ത്രി കന്യാകുമാരിയില്‍ ഓഖി ചുഴലിക്കാറ്റ് വിതച്ച നഷ്ടങ്ങള്‍ വലയിരുത്തി. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തി പഴയാറ് വെള്ളം കെട്ടിയ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. നാഗര്‍കോവില്‍, ചുങ്കാന്‍കട, വില്ലുക്കുറി കാരവിള ഭാഗങ്ങളിലെ കൃഷിനാശവും മന്ത്രി വിലയിരുത്തി. കൊല്ലങ്കോട്ടും, നീരോടിയിലും മത്സ്യതൊഴിലാളികളെയും കണ്ടു. കളക്ടറുമായി നാശ നഷ്ടങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച നടത്തി.