വിമന്‍സ് കളക്ടീവ് ഇന്‍ സിനിമയില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്ന് മഞ്ജു വാര്യര്‍

written by :  2018-01-04 20:51:24

കൊച്ചി: ചിലരുടെ തനിനിറം പുറത്തായി എന്ന പാര്‍വതിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ മഞ്ജു വാര്യര്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍നിന്ന് പിന്മാറി എന്ന് വാര്‍ത്ത വന്നിരുന്നു. മമ്മൂട്ടിയെയും ദിലീപിനെയും ഒരേ തരത്തില്‍ ചിത്രീകരിക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മഞ്ജുവിന്റെ പിന്‍മാറ്റം എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തകള്‍ ശരിയല്ലെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. മഞ്ജു വാര്യര്‍ ഇപ്പോഴും വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമാണെന്നും മറ്റ് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറയുന്നു. പതിനെട്ടോളം പേരാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ സംഘടനയെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടായതും സംഘടന രൂപീകൃതമാകുന്നതും. മഞ്ജു വാര്യര്‍ ഈ സംഘടനയില്‍ സജീവമായിരുന്നു. ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ ഡബ്ല്യുസിസി വിടുന്നെന്ന വാര്‍ത്ത പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം നടത്തുന്നവര്‍ ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു ഇപ്പോഴും സംഘടനയുടെ ഭാഗമാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമുള്ള സ്ഥിരീകരണം പുറത്തുവരുന്നത്.