ഉണ്ണി മുകന്ദനെതിരായ കേസ്: പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍

written by :  2018-01-07 09:17:39

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസിലെ പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. കേസില്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുടെ വാദത്തിനിടയിലാണു യുവതിയുടെ അഭിഭാഷകന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.കേസിലെ ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി പ്രതി വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്നും അഭിഭാഷകന്‍ ആരോപണം ഉന്നയിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. 27നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പരാതിക്കാരി നേരിട്ടു ഹാജരാകണം.

ഭീഷണിയുള്ളതിനാലാണു പരാതിക്കാരിക്കു കോടതിയിലെത്താന്‍ കഴിയാത്തതെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, എല്ലാ പരാതിക്കാര്‍ക്കും പൊലീസ് സംരക്ഷണം നല്‍കുക പ്രായോഗികമല്ലെന്നു കോടതി നിരീക്ഷിച്ചു.തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ ബോധിപ്പിച്ചു. കള്ളക്കേസില്‍ കുടുക്കി സല്‍പേരു നശിപ്പിക്കാനും പണം തട്ടാനുമാണു പരാതിക്കാരിയുടെ ശ്രമമെന്നു നടന്‍ ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. പരാതിക്കാരിക്കു പൊലീസ് സംരക്ഷണം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ഉണ്ണി മുകുന്ദന്‍ ബോധിപ്പിച്ചു.

അതേസമയം, യുവതിയുടെ വിവരങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനും മറ്റു രണ്ടു പേര്‍ക്കുമെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. യുവതിയുടെ പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാജന്‍ സക്കറിയ, വാര്‍ത്ത പ്രസിദ്ധീകരിച്ച എം ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരാണു മറ്റു രണ്ടു പ്രതികളെന്ന് എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് പറഞ്ഞു.