കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളില്‍ ഇനിമുതല്‍ സ്ത്രീകള്‍ മദ്യം വില്‍ക്കും

written by :  2018-01-07 09:20:29

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പന കേന്ദ്രങ്ങളിലും സ്ത്രീ ജീവനക്കാരെ നിയമിക്കും. നേരത്തെ കോടതി ഉത്തരവ് പ്രകാരം ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകളെ നിയമിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം. 

മദ്യവില്‍പ്പനശാലകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള വനിതാ ജീവനക്കാര്‍ക്ക് ഇതിന് അപേക്ഷ നല്‍കാം. ഇവര്‍ നിലവിലുള്ള ജോലി സമയത്തിന് പുറമെ ഒന്നര മണിക്കൂര്‍ അധിക ജോലി ചെയ്യേണ്ടിവരും. ഇതിന് പ്രതിദിനം 275 രൂപ അലവന്‍സും നല്‍കും. ത്രിവേണി സ്റ്റോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7.30 വരെയാണ് ജോലി സമയം. എന്നാല്‍ രാവിലെ 10 മണിക്ക് തുറക്കുന്ന മദ്യവില്‍പ്പനശാലകള്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ഫെഡിലെ 2300 ജീവനക്കാരില്‍ 1700 പേരും സ്ത്രീകളാണ്. ഇവര്‍ നിലവില്‍ മാനേജ്‌മെന്റ് വിഭാഗത്തിലും ഓഫിസുകളിലും ത്രിവേണി സ്റ്റോറുകളിലും മാത്രമാണ് ജോലി ചെയ്യുന്നത്. പുരുഷന്മാര്‍ മാത്രമാണ് ഇപ്പോള്‍ മദ്യ വില്‍പ്പനശാലകളില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്നത്.