മഞ്ജു വാര്യര്‍ക്കെതിരെ ശക്തമായ സാന്നിധ്യമാകാന്‍ കാവ്യാ മാധവന്‍: ദൈവമെ കൈതൊഴാം കെ. കുമാറാകണം ഗാനം സൂപ്പര്‍ ഹിറ്റിലേക്ക്; രംഗത്തിറക്കുന്നത് നാദിര്‍ഷാ

written by :  2018-01-07 09:22:38

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യാമാധവന്‍ സിനിമാ രംഗത്തേക്ക് ശക്തമായ സാന്നിധ്യമാകാനൊരുങ്ങുന്നു. സംവിധായകനും നടനുമായ നാദിര്‍ഷായാണ് കാവ്യയെ രംഗത്തിറക്കുന്നത്. മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ദിലീപുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മാത്രമല്ല വനിതാ കൂട്ടായ്മയായ വിമന്‍സ് കളക്ടീവ് ഇന്‍ സിനിമയുടെ ചുക്കാന്‍ പിടിക്കുന്നതും മഞ്ജുവാണ്. ദിലീപിനെതിരെ സിനിമാ രംഗത്തെ ഒരു വിഭാഗത്തെ അണിനിരത്തുന്നതില്‍ മഞ്ജു നിര്‍ണായക പങ്ക് വഹിച്ചെന്നാണ് ദിലീപ് പക്ഷം കരുതുന്നത്. 2016 നവംബറിലാണ് ദിലീപ് കാവ്യാമാധവനെ വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയരംഗത്തേക്കില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവവവുമായി ബന്ധപ്പെട്ട് ദിലീപ് ജയില്‍ശിക്ഷ വരെ അനുഭവിച്ചിരുന്നു. ഇതിനിടെ ആ കേസില്‍ മഞ്ജു വാര്യറെ പൊലീസ് സാക്ഷിയാക്കുകയും ചെയ്തിരുന്നു. ജയില്‍ശിക്ഷ കഴിഞ്ഞു മടങ്ങിയെത്തിയ ദിലീപ് അഭിനയരംഗത്ത് സജീവമായെങ്കിലും മറ്റു മേഖലകളില്‍ നിന്നും അത്ര രസകരമായ ഇടപെടലുകളല്ല ലഭിക്കുന്നത്. അതിനാല്‍ കാവ്യാ മാധവനെ സിനിമാ രംഗത്തേക്ക് ഇറക്കുകയാണ് അതിന് ഉചിതമെന്നാണ് നാദിര്‍ഷാ ഉപദേശിച്ചത്. തന്റെ ഉറ്റ സുഹൃത്തു കൂടിയായ നാദിര്‍ഷായുടെ ഉപദേശം ദിലീപ് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ അഭിനയ രംഗത്തേക്കല്ല കാവ്യ ഇപ്പോള്‍ എത്തുന്നത്. പകരം സിനിമാ പിന്നണി ഗായികയായാണ് രംഗപ്രവേശം. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകാണം എന്ന സിനിമയില്‍ വിജയ് യേശുദാസിന്റെ കൂടെ ഡ്യുയറ്റ് പാടിയാണ് വീണ്ടും സിനിമാ രംഗത്തേക്ക് എത്തുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്നതാണ് ഗാനം... വിനോദയാത്രയ്ക്ക് പോകും നേരമുള്ളതാണ് പാട്ട്. പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു, നാദിര്‍ഷയുടെ അനുജന്‍ സമദ് തുടങ്ങിയവര്‍ അണിനിരക്കുന്നതാണ് ഗാനരംഗം. ഇതിനോടകം ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. ഈ ചിത്രത്തില്‍ ജയറാം, ശ്രീനിവാസന്‍, അനുശ്രി, സുരഭി, നെടുമുടി വേണു, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഇതിന്റെ പബ്ലിസിറ്റിയും നാദിര്‍ഷായാണ് നിര്‍വഹിക്കുന്നത്. ദിലീപിന്റെ വരുന്ന ചിത്രങ്ങളിലും കാവ്യയെ കൊണ്ട് പാടിക്കാനും ഉദ്ദേശമുണ്ട്. അതിനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ നാദിര്‍ഷായും സംഘവും ആരംഭിച്ചുകഴിഞ്ഞു.