ബാര്‍കോഴ: മുഖ്യമന്ത്രിക്കു ബാറുടമകള്‍ നല്‍കിയ വാക്കും പാലിച്ചു- സന്തോഷ് പാറശാല

written by :  2015-01-17 21:39:05

ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ബാറുടമകള്‍ നല്‍കിയ വാക്കും പാലിച്ചു. ഇന്നലെ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴിനല്‍കാനെത്തിയ ബാറുടമകള്‍ കോഴയുടെ കാര്യം പരാമര്‍ശിച്ചില്ല. ധനമന്ത്രി കെ.എം. മാണിയെ കാണാന്‍ പോയത് സഹായം ചോദിച്ചാണെന്നാണ് ഉടമകള്‍ നല്‍കിയ മൊഴി. പണം പിരിച്ചത് നിയമനടപടിക്കാണെന്നും മൊഴിയില്‍ പറയുന്നു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡി. രാജ് കുമാര്‍, വൈസ് പ്രസിഡന്റ് പി.എം.കൃഷ്ണദാസ് എന്നിവരില്‍ നിന്നാണ് വിജിലന്‍സ് മൊഴിയെടുത്തത്. അസോസിയേഷന്‍ യോഗങ്ങളുടെ മിനിട്‌സ് ഭാരവാഹികള്‍ ഹാജരാക്കി. ബാക്കി മൊഴി രേഖപ്പെടുത്താന്‍ അടുത്തയാഴ്ച വീണ്ടും ഹാജരാകാന്‍ ഇവരോട് വിജിലന്‍സ് നിര്‍ദേശിച്ചു. പൂട്ടിയ ബാറുകള്‍ തുറക്കാമെന്നും അതിനു സാവകാശം നല്‍കണമെന്നും പകരം ബാറുടമകള്‍ കോഴയാരോപണത്തില്‍ നിന്നും പിന്‍മാറണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ ബാറുടമകളോട് ആവശ്യപ്പെട്ടിരുന്നുവെന്നാണു വിവരം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നിലവില്‍ വന്നതോടെ 312 ബാറുകളൊഴികെ മറ്റെല്ലാം പൂട്ടിയിരുന്നു. ഇതോടെ ബാര്‍ മൊതലാളിമാരും പരുങ്ങലിലായി. ഫൈവ് സ്റ്റാറൊഴികെ മറ്റെല്ലാ ബാറുകളും പൂട്ടണമെന്നതായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതോടെ പൂട്ടിയ ബാറുടമകള്‍ ബാര്‍ അസോസിയേഷനുമായി ചേര്‍ന്ന് കൂടിയാലോചിച്ച് മന്ത്രി കെ.എം. മാണിയെ കണ്ടിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കണമെന്നും അതിനായി മന്ത്രി ഇടപെട്ട് തങ്ങളെ സഹായിക്കണമെന്നുമായിരുന്നു അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇതിനായി വന്‍ തുക കോഴ നല്‍കിയെന്നാണ് അസോസിയേഷന്‍ നേതാവ് ബിജു രമേശ് ആരോപിച്ചതും. എന്നാല്‍ കാര്യങ്ങള്‍ മന്ത്രി മാണിയുടെ കൈയില്‍ നിന്നും പോയതോടെ സംഗതി താറുമാറായി. ഇതോടെ ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ തന്നെ പരസ്യമായി ചാനലുകളിലും മറ്റും ലൈവ് നല്‍കുകയും തങ്ങള്‍ കോഴ നല്‍കിയെന്നും ഇതിനു തങ്ങളുടെപക്കല്‍ തെളിവുകളുണ്ടെന്നുമായിരുന്നു ആരോപണം. മന്ത്രി കെ.എം. മാണി ബാര്‍ തുറക്കുന്നതിനായി കോഴ വാങ്ങിയെന്നും അതിനായി തങ്ങള്‍ എല്ലാ ബാറുടമകളില്‍ നിന്നും പിരിവെടുത്താണ് വന്‍ തുക നല്‍കിയതെന്നും ബാറുടമ ബിജു രമേശ് രംഗത്തു വന്നിരുന്നു. ബിരു രമേശിന്റെ ആരോപണത്തെ തുടര്‍ന്നു കെ.എം. മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം വന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ ബാറുടമകളെ മൊഴി നല്‍കാനായി വിജിലന്‍സ് വിളിച്ചുവരുത്തിയതും. ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാറുടമകളുമായി സംസാരിക്കുകയും ചെയ്തുവെന്നാണു വിവരം. പൂട്ടിയ പാറുകള്‍ക്ക് പകരം ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചെന്നും മാത്രമല്ല യുഡിഎഫിന്റെ മദ്യനയത്തില്‍ അയവുവരുത്തിയിട്ടുണ്ടെന്നും ബാറുടമകളെ ഓര്‍മിപ്പിച്ചു. ഇനി വിജിലന്‍സിനു മൊഴി നല്‍കുമ്പോള്‍ കൂടുതല്‍ കടുപ്പിക്കരുതെന്നും തങ്ങള്‍ നല്‍കിയ വാക്ക് പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബാറുടമകളോടു പറഞ്ഞതായാണു വിവരം. ഇതിന്റെ ഭാഗമായാണ് ഇന്നലെ ബാറുടമകള്‍ കെ.എം. മാണിക്കെതിരെ മൊഴി നല്‍കാതിരുന്നത്. അതേസമയം, ബാര്‍കോഴക്കേസില്‍ മാണിക്ക് അനുകൂലമായി തെളിവ് നല്‍കാന്‍ ബാറുടമകളെ മന്ത്രി പിജെ ജോസഫ് സ്വാധീനിച്ചുവെന്ന് ബിജു രമേശ്. മാണിക്ക് പണം കൈമാറിയതിന് തെളിവായുള്ള ശബ്ദരേഖ വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു. രാജ്കുമാര്‍ ഉണ്ണിയടക്കമുള്ളവര്‍ സംസാരിക്കുന്നതിന്റെ തെളിവുകള്‍ കൈയിലുണ്ട് . തിങ്കളാഴ്ച ശബ്ദരേഖ വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു . പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നാണ് കേസ്. ബാര്‍ ഉടമകളോട് മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി രൂപ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നു കൈപ്പറ്റിയെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു.