മരണവാറണ്ടുമായി ഒരു മന്ത്രിസഭ

written by :  2015-01-23 12:14:21

നോട്ടെണ്ണല്‍ യന്ത്രം ഒരു മന്ത്രിയുടെ വീട്ടില്‍ ഉണ്ടാവുകയെന്നതു കെട്ടുകഥയായാണ് നാം വിചാരിക്കുന്നത്. ശരാശരി വരുമാനക്കാരനായ മന്ത്രിക്ക് അത്തരമൊരു യന്ത്രോപകരണം കൊണ്ട് എന്തു പ്രയോജനം? കുസൃതിക്കാരനായ ഒരു പത്രക്കാരന്റെ ഭാവനാസൃഷ്ടിയായിരിക്കുമതെന്ന വിശ്വാസത്തെ നിരാകരിക്കുക മാത്രമല്ല അതൊരു യാഥാര്‍ഥ്യമാണെന്നു വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഈ വസ്തുത പുറത്തു വന്നിരിക്കുന്നത്. മുന്‍ നിശ്ചയപ്രകാരം കോഴപ്പണവുമായി മന്ത്രി മാണിയുടെ വസതിയിലെത്തിയ ബാറുടമയാണത്രെ നോട്ടെണ്ണല്‍ യന്ത്രം കണ്ടതെന്നാണു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. മൂന്നു നാലു കോടി രൂപ കിട്ടുമ്പോള്‍ അതെണ്ണി തിട്ടപ്പെടുത്തുകയെന്നതു ഭാരിച്ച പണിയായിരിക്കുമല്ലോ. അതൊഴിവാക്കാന്‍ നോട്ടെണ്ണല്‍ മെഷീന്‍ സഹായകരമായിരിക്കും. ബാറുടമകളുടെ വെളിപ്പെടുത്തല്‍ സത്യമാണെങ്കില്‍ കേരളത്തിന്റെ ധനമന്ത്രിയുടെ ബുദ്ധിസാമര്‍ഥ്യം അവിശ്വസനീയമായി മഹത്താണെന്ന് ആര്‍ക്കാണ് സമ്മതിക്കാതിരിക്കാന്‍ കഴിയുക? ഇതോടൊപ്പം മറ്റൊരു കാര്യം കൂടി വ്യക്തമായിരിക്കുകയാണ്. ബാര്‍ കോഴപ്പണം സ്വീകരിക്കാന്‍ മാത്രമല്ല ഈ യന്ത്രം മന്ത്രിയുടെ വസതിയില്‍ സ്ഥാനം പിടിച്ചതെന്നും ആ യന്ത്രത്തിന്റെ ഉപയോഗം അവിടെ ആവശ്യമാണെന്നുമെന്നുള്ളതാണ് ആ സത്യം. ഇതിനിടയില്‍ ധനമന്ത്രിയുടെ കോഴ അപവാദവും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗിയായ ബാലകൃഷ്ണപിള്ളയുടെ ആരോപണവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്റെ അടിയന്തര യോഗം കൂടുകയാണത്രെ. ഈമാസം 20ാം തിയതിയാണ് അടിയന്തരയോഗ തീരുമാനകാര്യം പുറത്തുവന്നത്. അതായത് എട്ടു ദിവസത്തെ ഇടവേളയ്കക്ു ശേഷമാണ് ഈ അടിയന്തര യോഗം ചേരുന്നത്. ഒരാഴ്ചത്തെ ഇടവേള നല്‍കിക്കൊണ്ടുള്ള ആ യോഗം എങ്ങനെ അടിയന്തരമാകും/ സാധാരണഗതിയില്‍ പൊടുന്നനേ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടിയന്തര യോഗം വിളിച്ചുകൂട്ടുന്നത്. അസാധാരണ സംഭവമുണ്ടായി കഷ്ടിച്ച് നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ കൂടുന്ന യോഗത്തിനായിരിക്കും അടിയന്തര സ്വഭാവം നല്‍കുക. എന്നാല്‍ ഇവിടെ എല്ലാം ആറിത്തണുത്ത ശേഷമാണ് അടിയന്തര യോഗം കൂടുന്നത്. ആരെ പറ്റിക്കാനാണ് ഈ തന്ത്രം? ഏതായാലും ഈ ഭരണകൂടത്തിന് അധികകാലം തുടരാനാകില്ലെന്നു തീര്‍ച്ചയായിരിക്കുകയാണ്. ബാര്‍ക്കോഴ വിവാദം മറ്റൊരു വിധത്തില്‍ ഈ ഭരണത്തിനുള്ള മരണ വാറന്റായിരിക്കുകയാണ്. വാറന്റിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തൂക്കിക്കൊന്നാലേ തീരൂ. ജീവന്‍ പോകുന്നതുവരെ ഇഞ്ചിഞ്ചായി കൊല്ലണോ ഒറ്റയടിക്ക് കഥ കഴിക്കണോയെന്നു തീരുമാനിച്ചാല്‍ മാത്രം മതി. ഒരുപക്ഷേ കേരളത്തില്‍ അധികാരത്തില്‍ ഒരു ഭരണകൂടം ഈ വിധം ഭയാനകമായ അഴിമതിയാരോപണങ്ങള്‍ക്കു വിധേയമായിട്ടുണ്ടെന്നു തോന്നുന്നില്ല. അടച്ചിട്ട ബാറുകള്‍ തുറപ്പിക്കാനും തുറപ്പിച്ച ബാറുകള്‍ പൂട്ടാനും നിയന്ത്രണങ്ങള്‍ക്കതീതമായി മദ്യക്കച്ചവടത്തെ ഭദ്രവും സുരക്ഷിതവുമായ സ്ഥാനത്തു പ്രതിഷ്ഠിക്കാനും എത്ര കോടികളാണ് ഒഴുകുന്നത്. ഇത്രയേറെ പണം വാങ്ങുന്ന ഭരണാധികാരികള്‍ ആര്‍ക്കു വേണ്ടിയാണു ഭരിക്കുന്നത്? അഴിമതി നടത്തുന്നതിനും കൈക്കൂലി വാങ്ങുന്നതിനും പോലും ചില മര്യാദകള്‍ അതുമായി ബന്ധപ്പെടുന്നവര്‍ പാലിക്കാറുണ്ട്. കൊലയാളികള്‍ പുലര്‍ത്തുന്ന മര്യാദകള്‍ പോലെ. എന്നാല്‍ കേരളത്തിലെ ഭരണാധികാരികള്‍ അത്തരം മര്യാദകള്‍ പോലും ഇല്ലെന്നു വന്നിരിക്കുകയാണ്. ബാലകൃഷ്ണപിള്ള പുറത്തുവിട്ട വിവരങ്ങള്‍ ഭരണാധികാരികളെ ഞെട്ടിപ്പിച്ചില്ലെങ്കിലും കേരളീയരെ ഞെട്ടിക്കുന്നതായിരുന്നു. വായില്‍ തോന്നുന്നതു പോലെ എന്തും പറയാനുള്ള ലൈസന്‍സ് അദ്ദേഹം സ്വയം നേടിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള അഴിമതി ആരോപണങ്ങള്‍ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ അദ്ദേഹം വിളിച്ചുപറയുമെന്നു കരുതുക പ്രയാസമാണ്. അങ്ങനെ പെരുമാറുന്നതു പി.സി. ജോര്‍ജ് മാത്രമാണ്. ബാലകൃഷ്ണപിള്ള അത്തരത്തില്‍ നിരുത്തരവാദമായി പെരുമാറുന്ന ഒരു നേതാവല്ല. ഏതായാലും അദ്ദേഹം പുറത്തുവിട്ട അഴിമതി ഭൂതത്തെ വീണ്ടും കുടത്തിലാക്കാന്‍ ഉടന്‍ സാധിക്കുമെന്നു തോന്നുന്നില്ല. ആരുടെയോ തലയും കൊണ്ടേ ആ ഭൂതം പോവുകയുള്ളുവെന്നാണു തോന്നുന്നത്.