ഹൈദരലി- അസൂയ കൊടുത്ത അംഗീകാരം: ജ്യോതിര്‍മയി ശങ്കര്‍

written by :  2015-03-17 09:43:09

ഈ മാസത്തെ ഭാഷാപോഷിണിയില്‍ ഹൈദരലിയുടെ സഹനജീവിതമെന്ന പേരില്‍ കലാമണ്ഡലം ഹൈദരലിയെക്കുറിച്ച് ഇ.പി. ശ്രീകുമാര്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു. തൊണ്ടയില്‍ എന്തോ വന്നു തടഞ്ഞപോലെ. കര്‍ണ്ണനുമായി ഹൈദരലി താദാത്മ്യം പ്രാപിച്ചിരുന്നുവെന്നും കര്‍ണ്ണശപഥമായിരുന്നു ഹൈദരലിയുടെ പ്രിയപ്പെട്ട കഥയെന്നും ലേഖകന്‍ പറയുന്നുണ്ട് . കഥകളി ഇഷ്ടപ്പെടുന്ന ആരെയും കരയിപ്പിയ്ക്കുന്ന കര്‍ണ്ണന്റെ വികാരവിചാരങ്ങള്‍ ഹൈദരാലിയ്ക്കു ജീവിതത്തില്‍ അനുഭവിയ്‌ക്കേണ്ടി വന്നെന്ന ലേഖകന്റെ വിലയിരുത്തലുകള്‍ തീര്‍ത്തും സത്യമാണെന്നറിയുമ്പോള്‍ ആരും വേദനിക്കും. ഞാനാര് എന്ന ചോദ്യം കര്‍ണ്ണശപഥത്തില്‍ മാത്രമല്ല, ജീവിതത്തിലുടനീളം ഹൈദരലി സ്വയം ചോദിച്ചിട്ടുണ്ടാകുമെന്നു ഇ.പി. ശ്രീകുമാര്‍ പറയുന്നു. എന്റെ അച്ഛനെക്കുറിച്ചും ഇതേ വരികള്‍ക്കു ശേഷമെഴുതിയത് വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു . \'മാടമ്പു കൃഷ്ണന്‍ നമ്പൂതിരിയും(എന്റെ അച്ഛന്‍) ഹൈദരലിയുടെ ബാപ്പയുമായുള്ള സുദൃഢ സൌഹൃദവും ബിസിനസ്സ് പങ്കാളിത്ത്വവും ഇവിടെ പരാമര്‍ശിയ്ക്കപ്പെടുന്നു. (ഓര്‍ത്താല്‍ വിസ്മയം കലാമണ്ഡലം ഹൈദരലി).അക്കാലത്തെക്കുറിച്ച് അച്ഛന്‍ പറയാറുള്ളതെല്ലാം ഓര്‍മ്മവന്നു. കലാകാരന്‍ എത്ര ഉന്നതങ്ങളിലെത്തിയാലും അവനെ കുത്തി നോവിയ്ക്കുവാന്‍ കിട്ടുന്ന അവസരം ആരും വെറുതെ വിടുന്നില്ല.

സമൂഹത്തിന്റെ ചിന്താഗതികള്‍ ഏറെ വിചിത്രമെന്ന് പലപ്പോഴും തോന്നാറുണ്ട്. ഒരു വ്യക്തിയുടെ തെറ്റല്ലെങ്കിലും അയാളെ ക്രൂശിക്കാന്‍ വഴി കണ്ടെത്തുവര്‍ ധാരാളം. കണ്ണു കാണാത്തതോ ചെവി കേള്‍ക്കാത്തതോ സ്വരമാധുരിയില്ലാത്തതോ ഒരാളുടെ കുറ്റമാണോ? താഴ്ന്ന ജാതിയില്‍ ജനിച്ചെന്നതോ ദരിദ്രനായി ജനിച്ചെന്നതോ ഒരാളുടെ കുറ്റമാണോ? ബുദ്ധിയില്ലാത്തവനായി/ ഇല്ലാത്തവളായി ജനിച്ചെന്നത് ഒരാളുടെ കുറ്റമാണൊ? കറുത്ത നിറത്തിലോ വിരൂപനായോ ജനിച്ചത് ഒരാളുടെ കുറ്റമാണോ? അല്ലെന്നു നമ്മുടെ സമൂഹം സമ്മതിയ്ക്കുന്നില്ല. അന്യന്റെ കുറ്റം ചൂണ്ടിക്കാട്ടാന്‍, അവനെ താഴ്ത്തിക്കെട്ടാന്‍ എന്തൊരുത്സാഹം! ഏതു രംഗത്തും തൊഴുത്തില്‍ക്കുത്തലുകളുണ്ടായേയ്ക്കാം, പക്ഷേ പരിധി വിടുമ്പോള്‍ കലാകാരന്‍ ദു:ഖിതനാകുന്നു. കലാദേവിയെ ഉപാസിക്കുന്നതില്‍ ശ്രദ്ധ കുറയുന്നു.

ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യനു പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളെ തരണം ചെയ്യേണ്ടി വരുന്നു. പലപ്പോഴും ഇതിനിരയായിത്തിത്തീരുന്നത് ബാല്യത്തിലാകാം. കേട്ടു തഴമ്പിയ്ക്കുന്നതിനാല്‍ വലുതാകുമ്പോള്‍ അതിന്റെ കാര്‍ക്കശ്യം കുറഞ്ഞെന്നും വരാം. അല്ലാത്തവയും ഇല്ലെന്നില്ല. ഓര്‍മ്മ വന്നത് നായാടികളില്‍ നിന്നും സിവില്‍ സര്‍വ്വീസ് പാസായിവരുന്ന ധര്‍മപാലന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേന്ദ്രകഥാപാത്രമാക്കി നൂറ് സിംഹാസനങ്ങള്‍ എന്ന പേരില്‍ ജയമോഹന്‍ എഴുതിയ കഥയാണ്.കനം തൂങ്ങുന്ന ഹൃദയുവുമായിട്ടേ വായിയ്ക്കാനായുള്ളൂ. ഇപ്പോഴും ആ വേദന മനസ്സില്‍ നിന്നും നീങ്ങിയിട്ടില്ല താനും. ആഖ്യായനത്തിന്റെ രീതിയുടെ മാത്രം പ്രത്യേകതയല്ല, അതിലെ സത്യത്തിന്റെ വൈകൃതമായ രൂപത്തിന്റെ ഭയാനകത തന്നെ കാരണം. ചളിക്കുണ്ടില്‍ നിന്നും വിരിയുന്ന പങ്കജത്തിന്റെ ഭംഗി ആസ്വദിയ്ക്കുന്നവര്‍ ചെളിയെക്കുറിച്ച് കുറ്റം പറയുന്നില്ല. എന്നാല്‍ ഒരു മനുഷ്യന്റെ ഉറവിടവും ചരിത്രവും കുത്തിച്ചിനക്കിയറിയാനും ആ ചെളിയാല്‍ അവനെ അഭിഷിക്തനാക്കാനും എന്തൊരു തിടുക്കം! . ആഗോളവല്‍ക്കരണവും റ്റെക്‌നോളോജിയുമൊക്കെ അപ്പോള്‍ തിരശ്ശീലയ്ക്കു പുറകിലാണോ? മുഷ്ടികള്‍ക്കുള്ളിലൊതുങ്ങുന്ന ലോകത്തു പരസ്പ്പരം കൊഞ്ഞനം കുത്തേണ്ട ആവശ്യം വരുന്നുവോ? സ്വാര്‍ത്ഥിയായ മനുഷ്യന്റെ ഇത്തരം വൈകൃത ചിന്തകള്‍ നിഷ്‌ക്കളങ്കമായ മനസ്സുകളെ ഏറെ വേദനിപ്പിയ്ക്കുന്നു.

സമൂഹത്തിനു മാറ്റം ആവശ്യം തന്നെ. പുരോഗതിയുടെ പാത താണ്ടാന്‍ മനുഷ്യന്‍ മാറ്റങ്ങള്‍ക്കു കൊതിക്കുന്നു. പലവിധമായ മാറ്റങ്ങള്‍ക്ക് അറിഞ്ഞു കൊണ്ടു തന്നെ വിധേയമാകുമ്പോള്‍ പഴമയിലെ പലതിനേയും കൈവിടാനും പുതിയവ പലതും ഉള്‍ക്കൊള്ളാനും സാധിക്കുന്നു. എന്നിട്ടുംനമുക്കു മാറ്റാന്‍ കഴിയാത്തവ പലതുമുണ്ട്. മനുഷ്യന്റെ സ്വാര്‍ത്ഥതയും അഹങ്കാരവും തന്നെ അവയില്‍ മുഖ്യം. കണ്ണാടിയില്‍ സ്വന്തം മുഖം നോക്കാതെ മറ്റൊരാളെ വിരൂപനെന്നു മുദ്രയടിക്കുന്ന സ്വഭാവം. ഒന്നെ പറയാനുള്ളൂ, ഇവയൊക്കെ തികച്ചും സ്വാഭാവികമെന്നു കരുതാന്‍ കലാകാരനെന്നല്ല, ആര്‍ക്കും കഴിയണം. \'അസാമാന്യപ്രതിഭകള്‍ക്ക് ഇടത്തട്ടുകാരേകുന്ന സ്തുത്യുപഹാരമാണ് അസൂയ (ഫുള്‍ട്ടണ്‍ ജെ ഷീന്‍)\'. അങ്ങിനെ നോക്കുമ്പോള്‍ അതൊരംഗീകാരം തന്നെയല്ലേ? അത്രയേ കരുതാവൂ. ഹൈദരലിയുടെ കാര്യത്തിലും അതേ കരുതാനാവൂ.കര്‍ണ്ണശപഥത്തിലെ \'എന്തിഹ മന്മാനസേ...\' എന്ന വരികളില്‍ കര്‍ണ്ണനെ അദ്ദേഹം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടെങ്കില്‍ ,പാടുമ്പോള്‍ ആ തൊണ്ട ഇടറിയെങ്കില്‍, അദ്ദേഹത്തിന്റെ ശബ്ദസൌകുമാര്യത്തില്‍ കര്‍ണ്ണന്റെ വിഷാദം മുഴുവനും പ്രതിഫലിച്ചെങ്കില്‍, അത് ആ പ്രതിഭാശക്തിയുടെ മിഴിവു മാത്രം എന്നു നമുക്കു പറയാനാകണം. ഇന്നദ്ദേഹം ഈ ലോകത്തിലില്ലെങ്കിലും പ്രതിഭാശാലിയായ ആ കലാകാരന്റെ മനസ്സു നൊന്തെങ്കില്‍ അതിനു ഹേതുവായിരുന്നവര്‍ക്കൊന്നു സ്വയം ആത്മപരിശോധനചെയ്യാന്‍ സമയമായി, തീര്‍ച്ച.