സിപിഎമ്മില്‍ വസന്തം

written by :  2015-04-22 10:21:15

ഒരു വലിയ സ്ഥാപനത്തിന്റെ മാനേജര്‍ സ്ഥാനം വഹിക്കാന്‍ എസ്ആര്‍പിയെന്ന് അറിയപ്പെടുന്ന എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കു കഴിയും. അതിനു പറ്റിയ ശരീരവും ശരീരഭാഷയുമാണ് അദ്ദേഹത്തിന്റേത്. അല്ലാതെ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലൊരു മഹത്തായ ഇടതുപക്ഷ പ്രസ്ഥാനത്തെ നയിക്കാനുള്ള പ്രാപ്തി തനിക്കില്ലെന്നു സ്വകാര്യമായെങ്കിലും അദ്ദേഹം സമ്മതിക്കും. ആ പാര്‍ട്ടിയിലെ മിക്കവാറും എല്ലാ നേതാക്കള്‍ക്കും അറിവുള്ളതാണ് അക്കാര്യം. അവരേക്കാള്‍ നല്ല ബോധ്യമുള്ളവരാണ് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. അങ്ങനെയുള്ളൊരു നേതാവിനെ പ്രകാശ് കാരാട്ടിന്റെ സ്ഥാനത്ത് അവരോധിക്കാന്‍ ശ്രമിച്ചവര്‍ ആരായാലും വര്‍ത്തമാനകാല രാഷ്ട്രീയത്തെപ്പറ്റി അജ്ഞരായിരിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ത്യയെ വലത്തോട്ടു കൊണ്ടുപോകാന്‍ കഠിനമായി പരിശ്രമിക്കുകയും ഹിന്ദുത്വ സ്ഥാപനത്തിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെ പ്രാന്തവത്കരിക്കാനുള്ള പരിപാടികള്‍ നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രതിഷേധത്തിന്റെ മൂര്‍ച്ചയുള്ള ആയുധമായി മാറേണ്ടത് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിനു പോലും ആവശ്യമായി തീര്‍ന്നിരിക്കുന്നു. അങ്ങനെ മതനിരപേക്ഷതയെ പരുക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങളെയും ജനാധിപത്യാവകാശങ്ങളെ ധ്വംസിക്കാനുള്ള പരിപാടികളെയും സ്ത്രീകളുടെ അവകാശങ്ങളെ പരിമിതപ്പെടുത്താന്‍ നടക്കുന്ന ഉദ്യമങ്ങളെയും നേര്‍ക്കുനേര്‍ നിന്നു പ്രക്ഷോഭണങ്ങള്‍ നയിക്കേണ്ട ഒരു പാര്‍ട്ടിയാണ് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അങ്ങനെയുള്ളൊരു പാര്‍ട്ടിയുടെ സാരഥിയാകാന്‍ നൂറുശതമാനവും യോഗ്യനാണെന്നു സീതാറാം യെച്ചൂരി തെളിയിച്ചിട്ടുണ്ട്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധത്തിന്റെ സൂചിമുനയായി പ്രതിയോഗികളെ ബോധ്യപ്പെടുത്താന്‍ ഇക്കഴിഞ്ഞ കാലത്ത് അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ സ്വന്തം പാര്‍ട്ടിയുടെ പരാത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യുദ്ധത്തിന്റെ നടുക്കു നില്‍ക്കാനും നയിക്കാനും അര്‍ഹത നേടിയിട്ടുള്ള അദ്ദേഹത്തിന് പ്രകാശ് കാരാട്ടിന്റെ സൈദ്ധാന്തികതയും യശശ്ശരീരനായ സുര്‍ജിത് സിങിന്റെ പ്രായോഗികതയും ഒത്തുചേര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും യെച്ചൂരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ സിപിഎമ്മില്‍ വസന്തത്തിന്റെ ആഗമനം കുറിക്കപ്പെട്ടിരിക്കുകയാണ്.

വിശാഖപട്ടണത്തില്‍ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നിലുള്ള പ്രശ്‌നങ്ങള്‍ വിശദീകരിക്കവെ കൂടുതല്‍ വിപുലവും കരുത്തും ആര്‍ജിക്കേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുകയാണെന്നു യെച്ചൂരി വ്യക്തമാക്കി. അതോടൊപ്പം ഇടതുപക്ഷത്തെ കൂടുതല്‍ വിപുലമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സിപിഐയും ആര്‍എസ്പിയും എസ് യുസിഐയും പോലുള്ള സഹോദര പാര്‍ട്ടികളെ കോണ്‍ഗ്രസില്‍ ക്ഷണിച്ചത് ഈ ദിശയിലേക്കുള്ള നീക്കത്തിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു.

കേരളത്തിലെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ചെയ്യൂരി പാര്‍ട്ടി സെക്രട്ടറിയായത് ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. പിണറായി വിജയന്റെ പെരുവിരലില്‍ അമര്‍ന്നിരുന്ന കേരള പാര്‍ട്ടി പതുക്കെയെങ്കിലും അതില്‍ നിന്നു സ്വതന്ത്രമായിക്കൊണ്ടിരിക്കുകയാണ്. യെച്ചൂരിയുടെ ആഗമനം അതിനെ ത്വരിതപ്പെടുത്തുമെന്നു നിശ്ചയമാണ്.

വി.എസ്. അച്യുതാനന്ദനെ നിഷ്പ്രഭനാക്കാനായിരുന്നല്ലോ ഇക്കഴിഞ്ഞകാലം മുഴുക്കെ പാര്‍ട്ടിയെ പിണറായി വിജയന്‍ ഉപയോഗിച്ചിരുന്നത്. യെച്ചൂരിയെപ്പോലൊരു നേതാവ് സെക്രട്ടറിയായതോടെ വി.എസ് അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ ഇല്ലാതാകുമെന്നാണു പൊതുവെ കരുതുന്നത്.