വര്‍ഗീയവിപത്ത് ചെറുക്കാന്‍ യോജിച്ച മുന്നേറ്റമുണ്ടാകണം

written by : പിണറായി വിജയന്‍  2015-07-24 15:46:59

തിരുവനന്തപുരം: രാജ്യത്ത് അധികാരത്തിലെത്തുകയും വിവിധ സംസ്ഥാന ഭരണം കൈയാളുകയുംചെയ്യുന്ന ബിജെപിക്ക് കേരളത്തില്‍ ആഗ്രഹിച്ചതരത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇന്നുവരെ നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഒരു ബിജെപിക്കാരനെയും അയക്കാത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ബിജെപി ശ്രമിക്കാത്തതുകൊണ്ടോ ആഗ്രഹിക്കാത്തതുകൊണ്ടോ അല്ല ഇത് സംഭവിക്കുന്നത്. സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ വര്‍ഗീയതയുടെ വിത്തെറിഞ്ഞും കലാപങ്ങള്‍ സൃഷ്ടിച്ചും ആര്‍എസ്എസ് അരനൂറ്റാണ്ടുമുമ്പുതന്നെ ശ്രമിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇടതുപക്ഷപ്രസ്ഥാനം സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ-വര്‍ഗീയവിരുദ്ധ നിലപാട് വര്‍ഗീയശക്തികളുടെ വളര്‍ച്ചയെ കേരളത്തില്‍ തടയുന്നു. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി വലതുപക്ഷകക്ഷികള്‍ വര്‍ഗീയതകളെ മാറിമാറി പ്രോത്സാഹിപ്പിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുമ്പോള്‍ എല്ലാ വര്‍ഗീയതയും ആപത്താണ് എന്ന തിരിച്ചറിവില്‍ ഒരു വര്‍ഗീയതയോടും സന്ധിചെയ്യാതെ നിലകൊള്ളുന്ന ഇടതുപക്ഷമാണ് കേരളത്തിന്റെ മതനിരപേക്ഷതയെ ഉറപ്പിച്ചുനിര്‍ത്തുന്നത്. വര്‍ഗീയരാഷ്ട്രീയം എല്ലാ ഘട്ടത്തിലും ജനാധിപത്യത്തിന്റെ അന്തഃസത്തയെ തകര്‍ത്ത് തലപൊക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജാതി, മത സ്വത്വങ്ങള്‍ക്ക് അതീതമായി മനുഷ്യനെ മാറ്റിയെടുക്കാന്‍ പരിശ്രമിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ തകര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിച്ചപ്പോഴെല്ലാം എതിര്‍ത്തുപോരാടിയ പാരമ്പര്യമാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റേത്. സാമൂഹ്യമുന്നേറ്റങ്ങളെയും മാനുഷികബന്ധങ്ങളെയും തടഞ്ഞുനിര്‍ത്തുന്നതാണ് നവോത്ഥാനവിരുദ്ധചിന്തകള്‍. അതിന്റെ ഗുണഭോക്താക്കള്‍ മുതലാളിത്തശക്തികളാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുകയും രാഷ്ട്രീയം മതത്തില്‍ ഇടപെടാതിരിക്കുകയും എന്നതാണ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ സവിശേഷത. വര്‍ഗീയത ഉള്‍പ്പെടെയുള്ള പിന്തിരിപ്പന്‍ശക്തികളുമായി മുതലാളിത്തശക്തികള്‍ ഉണ്ടാക്കുന്ന ഐക്യമാണ് മതനിരപേക്ഷതയുടെ ശത്രു. അത് ജനങ്ങളുടെ കൂട്ടായ്മകളെയും സഹവര്‍ത്തിത്വത്തെയും തകര്‍ക്കും. എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ ഐക്യത്തോടെ ജീവിക്കുക എന്ന സങ്കല്‍പ്പത്തെ നിരാകരിക്കാന്‍ മതമൗലികവാദശക്തികള്‍ സമീപകാലത്തായി കേരളത്തില്‍ ആസൂത്രിതവും നിരന്തരവുമായ ഇടപെടല്‍ നടത്തുന്നു. ഓരോ മതത്തിനും ജാതിക്കും പ്രത്യേകം അറകളുണ്ടാക്കി വേര്‍തിരിച്ചുനിര്‍ത്തുകയും ജനങ്ങള്‍ കൂട്ടായി പങ്കെടുത്ത ആഘോഷങ്ങളെയും കലാരൂപങ്ങളെയുംപോലും സങ്കുചിതമായി ജാതി-മതവല്‍ക്കരിക്കുകയും ചെയ്യുന്ന അപകടം നമുക്കുചുറ്റും ശക്തമാകുന്നു. കലാരൂപങ്ങള്‍, വസ്ത്രധാരണം, പൊതു ആഘോഷങ്ങള്‍- ഇവയെയൊക്കെ ഓരോ മതത്തിന്റെയും ജാതിയുടെയും ലേബലിലേക്ക് ചുരുക്കി സങ്കുചിതവല്‍ക്കരിക്കാന്‍ നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ നവോത്ഥാനമൂല്യങ്ങളെ നിരാകരിക്കുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് സമീപകാലത്തായി പരസ്യമായ വര്‍ഗീയനിലപാടുകള്‍ക്കും ജാതീയ പ്രഖ്യാപനങ്ങള്‍ക്കും കപടമായ മാന്യത പതിച്ചുനല്‍കുന്ന അനുഭവം ആവര്‍ത്തിക്കുന്നു. ജാതി ചോദിക്കുന്നതിനും പറയുന്നതിനും ചിന്തിക്കുന്നതിനും വിലക്ക് കല്‍പ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്ന ചിലര്‍ ഗുരുവിനെത്തന്നെ പരസ്യമായി നിന്ദിച്ച്, 'ജാതി പറയുന്നത് അപരാധമല്ല' എന്ന പ്രഖ്യാപനം നടത്തുന്നു. വ്യത്യസ്ത ജാതികളുടെ പേരില്‍ സംഘടിപ്പിക്കുന്ന ആളുകളെ മതത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ ഒരുമിപ്പിച്ച് അതിനെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുക എന്ന പദ്ധതിയാണ് സംഘപരിവാര്‍ ആസൂത്രണംചെയ്യുന്നത്. വര്‍ഗീയ ധ്രുവീകരണം വര്‍ഗീയരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന ഉപാധിയാണ്. സാമുദായികമായി ജനങ്ങളെ ഭിന്നിപ്പിക്കുക, അങ്ങനെ ഭിന്നിച്ചുനില്‍ക്കുന്നവരെ വര്‍ഗീയമായി ഒന്നിപ്പിച്ച് രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുക എന്നതാണ് ആര്‍എസ്എസിന്റെ തന്ത്രം. സംഘപരിവാറില്‍നിന്ന് ഇന്ന് ജാതിസംഘടനകള്‍ക്ക് ലഭിക്കുന്ന പരിലാളനം അതിന്റെ ഫലമാണ്. കേരളീയസമൂഹത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുന്ന തരത്തില്‍ വര്‍ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നത് ബിജെപിയോ ആര്‍എസ്എസോ മാത്രമല്ല. ഇന്ന് സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന യുഡിഎഫ് സംവിധാനവും വര്‍ഗീയവല്‍ക്കരണത്തിന്റെ രാഷ്ട്രീയനേട്ടം കൊതിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ്. 'ഹിന്ദുവെന്നും ഇസ്ലാമെന്നും ക്രിസ്ത്യനെന്നും വേറിട്ടുനില്‍ക്കുന്ന ജനങ്ങള്‍, ആ നിലയില്‍ത്തന്നെ ഉണ്ടാകാവുന്ന രാഷ്ട്രീയചേരിതിരിവ്, അതിന്റെ നേട്ടം' എന്നതാണ് ഒരേസമയം കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെയും സംഘപരിവാറിന്റെയും അജന്‍ഡ. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അതാണ് കണ്ടത്. അരുവിക്കരയില്‍ ബിജെപി ഒരുഘട്ടത്തിലും രണ്ടാംസ്ഥാനത്ത് എത്തിയ പാര്‍ടിയല്ല. ആ പാര്‍ടിക്ക് തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യനെന്ന് അവര്‍ കരുതുന്ന വ്യക്തിയെയാണ് അവിടെ സ്ഥാനാര്‍ഥിയാക്കിയത്. എന്നിട്ടുപോലും വിദൂരമായ മൂന്നാംസ്ഥാനത്തേ എത്തൂവെന്ന് ബിജെപി കണക്കാക്കിയിരുന്നു. ആ ഘട്ടത്തിലാണ്, ബിജെപി സ്ഥാനാര്‍ഥി രണ്ടാംസ്ഥാനത്ത് എത്തുന്നു എന്ന സന്ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയത്. ബിജെപി ജയിക്കാനിടയുണ്ട്, അതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യൂ എന്ന ആഹ്വാനമായിരുന്നു അത്. രണ്ടുതരത്തില്‍ അതിന്റെ ഫലമുണ്ടായി. ഒന്ന്, ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി ബിജെപിയുടേതാണ് എന്ന തെറ്റിദ്ധാരണ ചിലരിലെങ്കിലും സൃഷ്ടിക്കപ്പെട്ടു. രണ്ട്, ബിജെപിയുടെ പരാജയം ഉറപ്പിക്കാന്‍ ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് വോട്ടുചെയ്യണം എന്ന സന്ദേശം പ്രചരിപ്പിക്കപ്പെട്ടു. രണ്ടും യുഡിഎഫിന് ഗുണംചെയ്തു. കുറെയേറെ ഭരണവിരുദ്ധവോട്ടുകള്‍ ബിജെപിയുടെ ചിഹ്നത്തിലേക്ക് എത്തിക്കാനുള്ള ദല്ലാള്‍ ജോലിയായി ഉമ്മന്‍ചാണ്ടിയുടെ ഈ സമീപനം മാറി. ഒരേസമയം, ഭിന്നവര്‍ഗീയതകളുടെ ഉത്തേജനവും അതിന്റെ ഭാഗമായി രാഷ്ട്രീയനേട്ടം സ്വന്തമാക്കലുമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയത്.

രാജ്യത്ത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ബിജെപി പതിവില്‍ക്കവിഞ്ഞ ആവേശത്തോടെ കേരളത്തില്‍ ഇടപെടാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് യുഡിഎഫിന്റെ ഈ സമീപനം വെള്ളവും വളവും നല്‍കുന്നു. ഇന്നലെവരെ പലതരത്തില്‍ നടത്തിയ ശ്രമങ്ങളുടെ പരാജയത്തില്‍നിന്ന് പഠിക്കാതെ ഇടതുപക്ഷപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പുതിയ നീക്കത്തിലേക്ക് സംഘപരിവാര്‍ എത്തുന്നതിന്റെ പശ്ചാത്തലം ഇതാണ്. കേരളത്തിലെ കര്‍ഷകരും തൊഴിലാളികളും നടത്തിയ എണ്ണമറ്റ പോരാട്ടത്തിന്റെ ഭാഗമായി രൂപപ്പെട്ട പൊതുജനാധിപത്യബോധമാണ് ഇടതുപക്ഷത്തിന്റെ കരുത്തും അടിത്തറയും. അതിനെ തകര്‍ക്കാന്‍ വര്‍ഗീയവും ജാതീയവുമായ ബോധം നിര്‍മിക്കാനുള്ള പരിശ്രമം അവര്‍ വീണ്ടും പൊടിതട്ടി എടുത്തിരിക്കുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വടകര-ബേപ്പൂര്‍ മാതൃകയില്‍ ബിജെപിക്ക് കേരളത്തില്‍നിന്ന് പ്രാതിനിധ്യം ഉണ്ടാക്കാന്‍ കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും ഒരുമിച്ചിരുന്നു. അന്ന് അതിനെ കോ-ലീ-ബി സഖ്യം എന്നാണ് വിളിച്ചത്. അത്തരമൊരു കുറുക്കുവഴിക്കുവേണ്ടിയുള്ള തെരച്ചിലിലാണ് ഇന്നും ഇരുവിഭാഗവും. ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാനും പൊലീസ് സേനയില്‍ ഉള്‍പ്പെടെ ആര്‍എസ്എസിന്റെ ഇടപെടല്‍ തടസ്സമില്ലാതെ അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നത് ഇതിന്റെ ഭാഗമായാണ്. തലശേരിയില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിടാന്‍ സ്വമേധയാ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് കേരള പൊലീസിന്റെ പ്രാപ്തിയെ പരസ്യമായി അവഹേളിച്ചുകൊണ്ടാണ്. ആര്‍എസ്എസിന്റെ ഇംഗിതമനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. സിപിഐ എം നേതൃത്വത്തെ വേട്ടയാടാനുള്ള സംയുക്ത പരിശ്രമമായിരുന്നു അത്. എല്ലാ തരത്തിലും വര്‍ഗീയ അജന്‍ഡകളോട് സമരസപ്പെടാനും പ്രോത്സാഹനം നല്‍കാനും യുഡിഎഫ് ശ്രമിക്കുന്നു. പ്രത്യുപകാരം എന്ന നിലയില്‍ പ്രത്യക്ഷവും പരോക്ഷവുമായ കൊടുക്കല്‍വാങ്ങലുകള്‍ക്ക് സംഘപരിവാര്‍ തയ്യാറാകുന്നു.

ഇത്തരം കുടിലമായ രാഷ്ട്രീയനീക്കങ്ങളില്‍ ജാതിസംഘടനകളെ പരമാവധി അണിനിരത്താനുള്ള ശ്രമവും ആസൂത്രിതമായി നടക്കുന്നുണ്ട്. വര്‍ഗസമീപനത്തിനുപകരം വര്‍ഗീയവും ജാതീയവുമായ ബോധം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം പുതിയതല്ല. ജാതികളുടെ പേരില്‍ രാഷ്ട്രീയപാര്‍ടികള്‍ രൂപീകരിക്കപ്പെട്ട അനുഭവം നമുക്കുമുന്നിലുണ്ട്. ചില ജാതിസംഘടനകളില്‍ നുഴഞ്ഞുകയറിയും അവയുടെ നേതാക്കളില്‍ ചിലരുടെ കച്ചവടതാല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തിയും തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ജാതിക്കും മതത്തിനും സാമൂഹ്യ അനീതികള്‍ക്കുമെതിരെ പോരാടിയ ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും ടി കെ മാധവന്റെയും സഹോദരന്‍ അയ്യപ്പന്റെയും പിന്മുറക്കാരായ ശ്രീനാരായണീയരെ ആര്‍എസ്എസിന്റെ കൊടിപിടിപ്പിക്കാന്‍ വ്യാമോഹിക്കുന്ന ചിലരുണ്ട്. ഇവര്‍ തന്നെയാണ് മുമ്പ് ശ്രീനാരായണ ഗ്ലോബല്‍ മീറ്റ് നടത്തി ആര്‍എസ്എസ് നേതാവിനെ മുഖ്യപ്രാസംഗികനാക്കിയതും സദാ വര്‍ഗീയവിഷം വമിപ്പിക്കുന്ന ഉത്തരേന്ത്യന്‍ നേതാക്കളെ കേരളത്തില്‍ കൊണ്ടുവന്ന് ആദരിക്കുന്നതും.അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇത്തരക്കാര്‍ ബിജെപിക്കുവേണ്ടി ഇടപെട്ടിരുന്നു. മൈക്രോ ഫിനാന്‍സിന്റെയും മറ്റും പേരില്‍ ഉണ്ടാക്കിയ സംവിധാനത്തെ ആര്‍എസ്എസിന് വോട്ട് സമാഹരിക്കാനുള്ള ഉപകരണമാക്കി മാറ്റാന്‍ ശ്രമിച്ചു. ഏതാനും ചില ശുദ്ധാത്മാക്കള്‍ അതിന്റെ അപകടം മനസ്സിലാക്കാതെ ഇടപെടുകയും ചെയ്തു. എന്നാല്‍, പൊതുവില്‍ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ വികാരമാണ് ശ്രീനാരായണീയരില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ആനുകൂല്യങ്ങള്‍ കാട്ടി വശീകരിക്കാനോ നേതൃത്വത്തിന്റെ വ്യാമോഹങ്ങള്‍ക്ക് വഴങ്ങി വര്‍ഗരാഷ്ട്രീയം ഉപേക്ഷിക്കാനോ ശ്രീനാരായണപ്രസ്ഥാനത്തില്‍ അണിനിരക്കുന്ന ആരും തയ്യാറാകില്ല. നേരത്തെ അത്തരത്തിലുടള്ള  രാഷ്ട്രീയലക്ഷ്യങ്ങളുമായി രൂപീകരിച്ച പാര്‍ടിയുടെ അന്ത്യം ആരും മറന്നിട്ടില്ല.

സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ ആര്‍എസ്എസ് പ്രതിനിധാനംചെയ്യുന്ന തത്വശാസ്ത്രത്തില്‍ ഒരു പരിഗണനയും ഇല്ലാത്തവരാണ്. സവര്‍ണമേധാവിത്വമാണ്, അതിലധിഷ്ഠിതമായ രാഷ്ട്രീയമാണ് ആര്‍എസ്എസിന്റേത്. ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സംഘപരിവാറിന്റെ അജന്‍ഡയല്ല. ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ വര്‍ണാശ്രമത്തിന് പുറത്തുള്ളവരെ മനുഷ്യരായി കാണാന്‍പോലും കൂട്ടാക്കാത്തവര്‍, രാഷ്ട്രീയാധികാരം നേടുന്നതിനായി ദളിത് വിഭാഗങ്ങളുടെ പിന്തുണ ലഭിക്കാന്‍ നിരന്തര ശ്രമം നടത്തുന്നു. കെപിഎംഎസുപോലുള്ള സംഘടനകളില്‍ നുഴഞ്ഞുകയറിയും നേതൃത്വത്തില്‍ ചിലരെ പാട്ടിലാക്കിയും നടത്തുന്ന നീക്കങ്ങള്‍ അതിനുദാഹരണമാണ്. സാമുദായികമായ സംഘാടനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബോധപൂര്‍വം ആര്‍എസ്എസ് ശ്രമിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ്, വിശ്വകര്‍മ സംഘടനയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കങ്ങള്‍. അതും ആര്‍എസ്എസ് ഉദ്ദേശിച്ച തരത്തിലേക്ക് കൊണ്ടെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നീക്കങ്ങളുടെ അപകടം മുന്നില്‍ക്കണ്ട് പ്രതികരിക്കാനും നിലപാടെടുക്കാനും എന്‍എസ്എസ് തയ്യാറായിട്ടുണ്ട്. തീര്‍ച്ചയായും ആശാസ്യമായ അനുഭവമാണത്. അരുവിക്കരയില്‍ കോണ്‍ഗ്രസിന്, അല്ലെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതൃത്വത്തില്‍നിന്നുതന്നെ ഉയര്‍ന്ന ആഹ്വാനം. അവിടെയും ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുക എന്ന അജന്‍ഡയാണ് മുന്നില്‍നിന്നത്. ബിജെപിയും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ടുവശമാണ്. രണ്ടിനെയും എതിര്‍ത്ത് വര്‍ഗരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷം രണ്ടുകൂട്ടരുടെയും ശത്രുപട്ടികയില്‍ വരുന്നത് അതുകൊണ്ടുതന്നെയാണ്.

ബിജെപിയെ തിരുത്തല്‍ശക്തിയായി കാണാന്‍ താല്‍പ്പര്യമുള്ള ചിലരുണ്ട്. അവരുടെ കണ്ണില്‍ സംഘപരിവാര്‍ നടത്തിയ അസംഖ്യം വര്‍ഗീയകലാപങ്ങളും മനുഷ്യക്കുരുതിയും വിഷയമാകുന്നില്ല. ശവപ്പെട്ടി കുംഭകോണംമുതല്‍ വ്യാപം അഴിമതിവരെ ബിജെപി നേതൃത്വത്തില്‍ നടന്ന കൊള്ളയില്‍ അവരുടെ ശ്രദ്ധ പതിയുന്നില്ല. ലഭ്യമായ രാഷ്ട്രീയാധികാരം രാജ്യത്തിന്റെ ഭരണഘടനയെപ്പോലും ആക്രമിക്കാനുള്ള ആയുധമാക്കുന്ന സംഘപരിവാറിന്റെ നൃശംസത അവരുടെ ചിന്തയ്ക്ക് പാത്രമാകുന്നില്ല. കോര്‍പറേറ്റുകളുടെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും സംയുക്തമായ കേന്ദ്രഭരണം അനുവര്‍ത്തിക്കുന്ന ജനദ്രോഹനടപടികള്‍ മന്‍മോഹന്‍സിങ്ങില്‍നിന്ന് നരേന്ദ്രമോഡിയെ ഒട്ടും വ്യത്യസ്തനാക്കുന്നില്ല.  സാമ്പത്തികക്കുറ്റവാളിയായ ലളിത് മോഡിയുമായി വിദേശമന്ത്രി സുഷ്മ സ്വരാജിനടക്കമുള്ള ബന്ധവും പുറത്തുവന്ന തെളിവുകളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലിക്കുന്ന മൗനവും ബിജെപിയുടെ അഴിമതിയില്‍മുങ്ങിയ പ്രതിച്ഛായയാണ് അനാവരണംചെയ്യുന്നത്. കോര്‍പറേറ്റ് അജന്‍ഡകളുടെ നടത്തിപ്പുകാരനായി മോഡി മാറിയതിന്, അദ്ദേഹം നടത്തിയ വിദേശയാത്രകള്‍തന്നെയാണ് ഉദാഹരണം. അഴിമതിയും അധികാര ദുര്‍വിനിയോഗവും കോര്‍പറേറ്റ് സേവയും ജനദ്രോഹവും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംയുക്ത അജന്‍ഡയാണ്. വര്‍ഗീയതയെ മാറിമാറി ഉപയോഗിക്കാന്‍ ഇരുകൂട്ടരും ശ്രമിക്കുന്നു. രാജ്യത്ത് ബിജെപിക്ക് ലഭിച്ച രാഷ്ട്രീയാധികാരം ഉയര്‍ത്തുന്ന വെല്ലുവിളിയും ഭീഷണിയും ഇതിനെല്ലാം ഉപരിയാണ്. പ്രത്യക്ഷമായ വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്ന ആര്‍എസ്എസ് വിദ്യാഭ്യാസവും ചരിത്രവും സംസ്‌കാരവും മാറ്റിപ്പണിയാനുള്ള ശ്രമങ്ങള്‍ ശക്തമായി നടത്തുന്നത് തിരിച്ചറിയാതിരുന്നുകൂടാ. ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന ആര്‍എസ്എസിന്റെ വര്‍ഗീയസമീപനത്തെ ചെറുക്കാനല്ല പരിപോഷിപ്പിക്കാനാണ് കോണ്‍ഗ്രസ് തയ്യാറാകുന്നത് എന്നത് സംശയരഹിതമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. മതേതരനിലപാട് സ്വീകരിക്കുന്നതിനുപകരം മൃദുഹിന്ദുത്വവും വര്‍ഗീയപോഷണവും കോണ്‍ഗ്രസ് അജന്‍ഡയാക്കിയതിന്റെ ദുരന്തഫലംകൂടിയാണ് ഇന്ന് രാജ്യത്ത് ബിജെപിക്ക് ലഭിച്ച അധികാരം.

വര്‍ഗീയശക്തികളുടെ നീക്കങ്ങള്‍ക്ക് കേരളത്തില്‍ പ്രതിരോധദുര്‍ഗം സൃഷ്ടിക്കുന്നത് തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങളാണ്. ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും ആത്യന്തികമായി ആക്രമിക്കുന്നത് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയാണ്. ഇരുവര്‍ഗീയതകളും പരസ്പരപൂരകങ്ങളാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടേണ്ടത് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ സംഘടിച്ച് ആയുധമെടുത്തുകൊണ്ടല്ല. ന്യൂനപക്ഷവര്‍ഗീയശക്തികളുടെ ഇടപെടല്‍ ആര്‍എസ്എസിനാണ് ഗുണംചെയ്യുന്നത്. ഭിന്ന വര്‍ഗീയതകളെ സംരക്ഷിച്ച് നിര്‍ത്തുന്നതിന്റെ പ്രയോജനം കാംക്ഷിക്കുന്നത് വലതുപക്ഷ രാഷ്ട്രീയശക്തികളാണ്. മാനവികമായ എല്ലാ മൂല്യങ്ങളെയും തിരസ്‌കരിക്കുന്ന വര്‍ഗീയ- പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറിക്കൂടാ. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാന്‍ വര്‍ഗീയവിരുദ്ധ നിലപാടുമായി ജനങ്ങള്‍ ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക ചരിത്രവും പശ്ചാത്തലവും പരിഗണിച്ചാല്‍ ബിജെപിക്ക് വര്‍ഗീയനിലപാടുകളില്‍ എത്താന്‍ കഴിയില്ല, വര്‍ഗീയവിദ്വേഷത്തിന്റെ അജന്‍ഡ പുറത്തെടുക്കാന്‍ കഴിയില്ല എന്ന മിഥ്യാസങ്കല്‍പ്പംകൊണ്ട് ജനങ്ങളെ വഴിതെറ്റിക്കാന്‍ നോക്കുന്നവര്‍ സംഘപരിവാറിന്റെ ദല്ലാള്‍മാരാണ് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. പുള്ളിപ്പുലിയുടെ പുള്ളികളെന്നപോലെയാണ് സംഘപരിവാറിന്റെ വര്‍ഗീയത. അത് ചായംതേച്ചാലോ നല്ല നടപ്പിന് ശിക്ഷിച്ചാലോ മാറ്റിയെടുക്കാവുന്നതല്ല. കേരളത്തിലെ ജനങ്ങള്‍ ആ വര്‍ഗീയവിപത്ത് നന്നായി തിരിച്ചറിഞ്ഞതും വിലയിരുത്തിയതുംകൊണ്ടാണ് ബിജെപി ഗതിപിടിക്കാതെപോയത്.

മതേതരത്വത്തെ കപട മതേതരത്വമെന്നു വിളിച്ചും വര്‍ഗീയതയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിച്ചും സംഘപരിവാര്‍ പലതലങ്ങളിലായി പ്രചാരണം നടത്തുന്നുണ്ട്. മാറാട് കലാപത്തില്‍, ആശ്വാസംപകരാനും സര്‍വം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും ഇടതുപക്ഷപ്രസ്ഥാനം പോയത് അവരുടെ മതം നോക്കിയല്ല. ആക്രമിക്കപ്പെടുന്നവര്‍ക്ക് ആശ്വാസം പകരലാണ്, അവര്‍ക്കുവേണ്ടി നിലകൊള്ളലാണ് മനുഷ്യത്വം. അതാണ് മതനിരപേക്ഷ സമീപനത്തിന്റെ സത്തയും. വര്‍ഗീയകലാപത്തില്‍ തകര്‍ന്ന മുസഫര്‍ നഗറില്‍ ആശ്വാസവുമായി എത്തിയത് സിപിഐ എം ആണ്. വീടുവച്ച് കൊടുത്തും ഇതര സഹായങ്ങള്‍ നല്‍കിയും വര്‍ഗീയകലാപത്തിന്റെ ഇരകളെ സംരക്ഷിക്കാന്‍ സിപിഐ എം നടത്തിയ ഇടപെടല്‍ ഏതെങ്കിലും പ്രീണനത്തിന്റെ ഭാഗമായല്ല. അത് വര്‍ഗീയതയെ ചെറുത്ത് മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ്. റമദാന്‍ നാളുകളിലൊന്നില്‍  മുസാഫര്‍ നഗറില്‍ ഇഫ്താറില്‍ പങ്കെടുക്കാന്‍ പാര്‍ടിയുടെ രണ്ട് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍  പോയത്, കലാപത്തിന്റെ ഭീകരാനുഭവങ്ങളില്‍നിന്ന് ഇരകള്‍ക്ക് മോചനം നല്‍കാനുള്ള പരിശ്രമം എന്ന നിലയിലാണ്. ന്യൂനപക്ഷങ്ങളില്‍നിന്ന്  അരക്ഷിതബോധം അകറ്റാനുള്ള ഇടപെടലാണത്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം വര്‍ഗീയമായി സംഘടിച്ചുകൊണ്ടല്ല എന്ന സന്ദേശമാണത് നല്‍കുന്നത്.  വര്‍ഗീയ ആക്രമണത്തിന് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്നതും അവരില്‍ ആത്മവിശ്വാസമുണ്ടാക്കുന്നതും  മതനിരപേക്ഷത സംരക്ഷിക്കാനുള്ള പ്രവര്‍ത്തനംതന്നെയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുകതന്നെ വേണം. രാജ്യത്ത് മതനിരപേക്ഷത നേരിടുന്ന അപകടം അതീവ ഗുരുതരമാണ്. വര്‍ഗീയത്‌ക്കെതിരെ ഉശിരന്‍ നിലപാടെടുത്തുകൊണ്ട് വലിയ ഐക്യനിര രൂപപ്പെടാനുള്ള ഘട്ടമാണ് ഇത്. സിപിഐ എമ്മിന് ഒരു വര്‍ഗീയതയോടും സന്ധിയില്ല. ജനങ്ങളെ വര്‍ഗീയമായി സംഘടിപ്പിക്കുന്നത്  ഇന്ന് നാട് നേരിടുന്ന വിപത്ത് നേരിടാനല്ല, കൂടുതല്‍ രൂക്ഷമാക്കാനാണ് ഇടവരുത്തുക എന്ന ഉറച്ച ബോധ്യം പാര്‍ടിക്കുണ്ട്. എന്നാല്‍, മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയുടെ ആപത്ത് തടയാനുമുള്ള പോരാട്ടത്തില്‍ ഞങ്ങള്‍മാത്രം മതി എന്നുള്ള ധാരണ ഞങ്ങള്‍ക്കില്ല. കക്ഷിവ്യത്യാസം മറന്നുള്ള ഐക്യപ്പെടല്‍ അനിവാര്യതയായി മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരുവശത്ത് വര്‍ഗീയശക്തികളുടെ ആക്രമണം. മറുവശത്ത് നവലിബറല്‍നയങ്ങള്‍ തുടരുന്നതിന്റെ ഫലമായി ജനങ്ങളുടെ ജീവിതത്തിനേല്‍ക്കുന്ന ആഘാതം ഇതിനെ രണ്ടിനെയും എതിര്‍ത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ആ പോരാട്ടത്തില്‍ സിപിഐ എം അടിയുറച്ച് അണിചേരുന്നു. കണ്‍മുന്നിലെ വിപത്ത് തിരിച്ചറിഞ്ഞ്, കൂടുതല്‍ ജനവിഭാഗങ്ങള്‍, ഇതര പരിഗണനകള്‍ മാറ്റിവച്ച് അതില്‍ അണിനിരക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അത്തരത്തിലുള്ള അണിചേരലിനുവേണ്ടിയാണ്  ഞങ്ങള്‍ പ്രവര്‍ത്തിക്കുക. അങ്ങനെ കൂട്ടായ്മ ഉയര്‍ന്നുവന്നാലേ, നമ്മുടെ നാടിനെ വര്‍ഗീയതയുടെ പരുക്കില്‍നിന്ന് രക്ഷപ്പെടുത്താനാകൂവെന്നും പിണറായി വിജയന്‍.