നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും: രണ്ടാമന്‍ ആര് എന്നറിയാന്‍ ഇനി എത്ര ദൂരം

written by :  2016-10-16 14:50:07

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ ബന്ധു നിയമന അഴിമതിയുമായി ബന്ധപ്പെട്ടു മന്ത്രി ഇ.പി. ജയരാജന്‍ രാജിവച്ചതോടെ അടുത്ത ചര്‍ച്ചയ്ക്കു ചൂടുപിടിച്ചിരിക്കുകായണ്. നാളെ പുനരാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ആരാണ് രണ്ടാമനെന്ന് ഉത്തരം ലഭിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ രണ്ടാമന്‍ ആരെന്നതു സംബന്ധിച്ച്  ഇനിയും എത്ര ദൂരം സഞ്ചരിക്കേണ്ടി വരുമെന്ന ആശങ്കയിലാണു പാര്‍ട്ടി അണികളും ജനങ്ങളും. ജയരാജന്‍ രാജിവെച്ചപ്പോള്‍ ഒഴിവുവന്ന കസേര തോമസ് ഐസക്കിനു ലഭിക്കുമോ എന്ന് ഉറ്റുനോക്കുന്നവരുണ്ട്. സഭയിലെ സീറ്റു നിശ്ചയിക്കുന്നതിന് കൃത്യമായ മാനദണ്ഡമുണ്ട്. ഭരണകക്ഷി അംഗങ്ങളുടെ സീറ്റു നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹം എഴുതിക്കൊടുക്കുന്ന മുറയ്ക്കാണ് സീറ്റു വിതരണം. മുഖ്യമന്ത്രി നല്‍കിയ പട്ടികയില്‍ രണ്ടാംപേര് ഇ പി ജയരാജന്റേതായിരുന്നു. സിപിഐയുടെ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്റെ പേര് മൂന്നാമത്. മറ്റു കക്ഷിനേതാക്കള്‍ പിന്നാലെ. സിപിഐഎമ്മില്‍ നിന്ന് തൊട്ടടുത്തു വരുന്നത് തോമസ് ഐസക്കാണ്. അതായത്, നിലവില്‍ മുഖ്യമന്ത്രി നല്‍കിയ പട്ടിക അനുസരിച്ച് സിപിഎമ്മിലെ മൂന്നാമന്‍ ഐസക്കാണ്. പ്രതിപക്ഷാംഗങ്ങളുടെ സീറ്റു നിശ്ചയിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് മാനദണ്ഡം. പ്രതിപക്ഷ നേതാവ് നല്‍കുന്ന പട്ടിക പ്രകാരം സ്പീക്കര്‍ അംഗങ്ങളുടെ സീറ്റു നിശ്ചയിക്കും. ഭരണപക്ഷത്തും പ്രതിപക്ഷത്തും കക്ഷി നേതാക്കള്‍ കഴിഞ്ഞ് അതതു പാര്‍ടിയിലെ സീനിയോറിറ്റി പരിഗണിക്കുന്ന ശീലമാണ് യുഡിഎഫിന്.</p>

<p>കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്റെ തൊട്ടടുത്ത സീറ്റില്‍ പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ സഭാ ഉപനേതാവ് എന്ന നിലയിലും കോടിയേരിയ്ക്ക് മുന്‍നിരയില്‍ പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്തു തന്നെയായിരുന്നു ഇരിപ്പിടം. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും രണ്ടു സിപിഎം നേതാക്കള്‍ക്കു ശേഷമേ ഘടകകക്ഷി നേതാവിനെ പരിഗണിക്കാറുളളൂ. സ്പീക്കറുടെ വിവേചനാധികാരമുപയോഗിച്ചാണ് മുന്‍മുഖ്യമന്ത്രിമാരെന്ന നിലയില്‍ വിഎസിനും ഉമ്മന്‍ചാണ്ടിയ്ക്കും മുന്‍നിരയില്‍ സീറ്റ് അനുവദിച്ചത്. അംഗങ്ങളില്‍ മുന്‍ സ്പീക്കര്‍മാരുണ്ടെങ്കില്‍ അവര്‍ക്കും മുന്‍നിരയില്‍ സീറ്റു നല്‍കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. കേന്ദ്രക്കമ്മിറ്റിയിലെ മുന്‍ഗണന കഴിഞ്ഞാല്‍ സിപിഎമ്മില്‍ സീറ്റു വിഭജനം പാര്‍ടി സംസ്ഥാന കമ്മിറ്റിയിലെ സീനിയോറി പ്രകാരമാണ്. സംസ്ഥാന കമ്മിറ്റി അംഗമായ പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനെക്കാള്‍ മുന്നിലായതിനു കാരണം ഇതാണ്. സീറ്റിനെച്ചൊല്ലി പ്രതിപക്ഷത്തും ചില പ്രതിഷേധങ്ങളുണ്ട്. പ്രതിഷേധവും ആശയക്കുഴപ്പവും കാരണം ഒരു സെഷന്‍ കഴിഞ്ഞാണ് പ്രതിപക്ഷ നേതാവ് പട്ടിക നല്‍കിയതു തന്നെ. കോണ്‍ഗ്രസില്‍ത്തന്നെ ഗ്രൂപ്പിലെ സീനിയോറിറ്റിയും പ്രധാനമാണ്. മുന്നിലിരിക്കേണ്ടത് ആര് എന്നതിനെച്ചൊല്ലി എ ഗ്രൂപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഐ ഗ്രൂപ്പില്‍ വി എസ് ശിവകുമാറും വി ഡി സതീശനും തമ്മിലും. കെ സി ജോസഫിനു വേണ്ടി തിരുവഞ്ചൂര്‍ പിന്നിലേയ്ക്കിറങ്ങേണ്ടി വന്നു. സതീശനെക്കാള്‍ ഒരക്കം മുകളിലാണ് വി എസ് ശിവകുമാര്‍. ഇതിലൊക്കെ ചില പ്രതിഷേധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.</p> 

<p> എങ്കിലും പിണറായി മന്ത്രിസഭയില്‍ ഇനി രണ്ടാം മന്ത്രി എന്ന സ്ഥാനം ഉണ്ടാകില്ലെന്നു വിശ്വസിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്. തോമസ് ഐസക്ക് മുഖ്യനുമായുള്ള അടുപ്പം അത്ര പോരെന്നതും അതിനു പ്രധാന കാരണമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ രണ്ടാം സ്ഥാനം ഒഴിച്ചിടാനാണു സാധ്യതയെന്നും ചില പാര്‍ട്ടി അണികള്‍ ഉറച്ചു വിശ്വസിക്കുന്നു.</p>